ജനാധിപത്യം സംരക്ഷിക്കാൻ ഏകാധിപത്യ ഭരണകൂടത്തിൻ്റെ ഏതു വെല്ലുവിളികളെയും നേരിടും; കെ.സി.വേണുഗോപാൽ
കൊല്ലം: ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചു നിർത്താൻ രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഏതു വെല്ലുവിളികളെയും അതിജീവിക്കാൻ കോൺഗ്രസ് സജ്ജമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്തുന്ന നടപടികൾക്ക് കൂടുതൽ ആയുസ്സുണ്ടാവില്ലന്ന യാഥാർത്ഥ്യം സംഘപരിവാർ കേന്ദ്രങ്ങൾ ഉടൻ മനസ്സിലാക്കി തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയിൽ 4000 ത്തിലധികം കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ച പൊതുപ്രവർത്തകനായ ജി.മഞ്ജുകുട്ടൻ എഴുതിയ കണ്ടെയ്നർ നമ്പർ 22 എന്ന പുസ്തകത്തിൻറെ പ്രകാശനം കരുനാഗപ്പള്ളിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ജനാധിപത്യ ചേരി വെല്ലുവിളികൾ നേരിടുമ്പോൾ നിർഭയമായി ചിന്തിക്കുവാനും അനീതികൾക്കെതിരെ പ്രതികരിക്കാനുമുള്ള ചലനങ്ങൾ ആശാവഹമാണ്. ജീവിതത്തിൽ ലഭിച്ച രാഷ്ട്രീയ അനുഭവങ്ങളുടെയും കാഴ്ചപാടുകളുടെയും തുറന്നുപറച്ചിൽ പുസ്തകരൂപത്തിൽ നടത്താൻ കഴിഞ്ഞ മഞ്ജുകുട്ടൻ കോൺഗ്രസ് പ്രസ്ഥാനത്തിൽ മുതൽക്കൂട്ടാണ്. ചെറുപ്പക്കാരുടെ ഇത്തരം പുതുവഴികളെ പ്രോത്സാഹിപ്പിക്കാൻ നേതാക്കന്മാർ
തയ്യാറാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സി.ആർ.മഹേഷ് എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു
പി.സി.വിഷ്ണുനാഥ് എം.എൽ.എയ്ക്ക് പുസ്തകത്തിൻറെ പ്രതി നൽകി കൊണ്ട് കെ.സി വേണുഗോപാൽ എം.പി പ്രകാശനം പ്രകാശനം നിർവഹിച്ചു.
ചലച്ചിത്ര സംവിധായകൻ സുൽത്താൻ അനുജിത്ത് പുസ്തകപരിചയം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ:ബിന്ദു കൃഷ്ണ, കെ.സി. രാജൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.വിജയകുമാർ, അരിതാ ബാബു,ഷിബു.എസ്.തൊടിയൂർ, അഡ്വ:ബി.ബിനു എന്നിവർ പ്രസംഗിച്ചു.