ഇഷ ഫൗണ്ടേഷനു പിന്നിലെന്ത്? ഇഷ സന്ദർശിച്ച പലരെയും കാണാതായി! ക്യാമ്പസ് പരിസരത്ത് ശ്മശാനവും
ന്യൂഡല്‍ഹി: ആത്മീയ നേതാവ് സദ്ഗുരു (ജഗ്ഗി വാസുദേവ്)ന്റെ ഇഷ ഫൗണ്ടേഷൻ സന്ദർശിച്ച നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസ്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇഷ ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇഷ ഫൗണ്ടേഷനിലെ ആശുപത്രി അന്തേവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പരാമർശിക്കുന്നു. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഇഷ ഫൗണ്ടേഷനില്‍ എത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത ആളുകളെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലുണ്ട്. കോയമ്പത്തൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. ഇതില്‍ അഞ്ചു കേസുകള്‍ തുടര്‍നടപടി ഒഴിവാക്കി അവസാനിപ്പിച്ചു. ശേഷിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാത്രമല്ല ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ശ്മശാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അയല്‍വാസി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും പൊലീസ് പറയുന്നു. ഇഷ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ക്കെതിരേ ഒരു പ്രാദേശിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസും റിപ്പോര്‍ട്ടിലുണ്ട്. ഗോത്രവര്‍ഗക്കാര്‍ക്ക് നല്‍കിയ ഭൂമി കൈയേറിയതിന് ഇഷ യോഗ സെന്ററിനെതിരെയുള്ള എഫ് ഐ ആറിലും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിനോട് നേരത്തേ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സുപ്രീം കോടതി നടപടി നടപടി സ്റ്റേ ചെയ്തിരുന്നു ഇതിനെതിരെ പോലീസ് ഫയല്‍ ചെയ്ത എതിര്‍ സത്യവാങ്മൂലത്തിലാണ് ഇഷ ഫൗണ്ടേഷനെകുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.