നടക്കുന്നത് ഏകാധിപത്യം, ജനാധിപത്യ രാജ്യമെന്നത് ചരിത്രമാകും ; രമേശ് ചെന്നിത്തല
പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ് മോദി സർക്കാർ. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ഈ രാഷ്ട്രീയവേട്ട പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ പ്രതികരണം. ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുമ്പോള്‍, നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പും തിരിച്ചടിക്കുന്നു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് ;
1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ച് കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ഈ രാഷ്ട്രീയവേട്ട പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യും. പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ് മോദി സർക്കാർ. നിർണായകമായ പാർലമെൻറ് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ആത്മവിശ്വാസക്കുറവിനെയാണ് ഇത് കാണിക്കുന്നത്.
ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുമ്പോൾ, ഏതു മാർഗം ഉപയോഗിച്ചും പ്രതിപക്ഷത്തെ തളർത്താൻ ശ്രമിക്കുമ്പോൾ, ഫലത്തിൽ ജനാധിപത്യത്തെ തന്നെയാണു ഭരണകൂടം നിശ്ശബ്ദമാക്കുന്നത്. തങ്ങൾക്കെതിരായ ചെറുനീക്കങ്ങൾപോലും തച്ചുടക്കുക എന്ന ഹീനതന്ത്രമാണിത്. ലോകത്തിനു മുന്നിൽ എക്കാലത്തും ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമെന്നു വാഴ്ത്തപ്പെട്ടുപോന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് ആശങ്കപ്പെടാതെ വയ്യ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നുവെന്ന് ലോകം പറയേണ്ടിവരുന്ന അവസ്ഥയിലേക്കാണ് ഭരണാധികാരികളുടെ പ്രവർത്തനം പോകുന്നത്. ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. എന്നാൽ, ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുന്ന രീതി ചെറുക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തല കുറിച്ചു.