അമ്മമാരുടെ റിട്ടയര്‍മെന്റ് തുകയില്‍ നിന്നും മക്കള്‍ക്ക് എന്തൊക്കെ സംരംഭം തുടങ്ങാം
കൊച്ചി: വിവിധ ജോലികളില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് തുടര്‍ ജീവിതത്തില്‍ ലഭിക്കുന്ന സാമ്പത്തിക പിന്തുണയാണ് പെന്‍ഷന്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം പിന്നീട് വേണ്ടിവരുന്ന ചിലവുകള്‍ക്കും മറ്റും പെന്‍ഷന്‍ തുക ഉപയോഗിക്കാറുണ്ട്. മക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളോ മറ്റും തുടങ്ങുന്നതിന് വഴിയൊരുക്കുന്ന തരത്തിലുള്ള തുകയൊന്നുമല്ല ഈ പെന്‍ഷന്‍ തുക.
മറിച്ച് വാര്‍ധക്യ കാലയളവില്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്ന്. അതില്‍പ്പരം മറ്റൊന്നിനുമില്ലെന്ന് ചുരുക്കം. 15 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ ഒരു യു പി സ്‌ക്കൂള്‍ അദ്ധ്യാപികയ്ക്ക് 18000 രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുക. പി എഫ്, ഗ്രാറ്റുവിറ്റി, അരിയര്‍ എന്നിങ്ങനെ കൂടിപ്പോയാല്‍ 25ലക്ഷം രൂപയാണ് പെന്‍ഷനായ ഒരാള്‍ക്ക് ഈ ഇനങ്ങളില്‍ ലഭിക്കുക. 30 വര്‍ഷത്തിനു മുകളിലാണ് സര്‍വ്വീസെങ്കില്‍ 50000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഇത് അദ്ധ്യാപക തസ്തികയില്‍ ഉള്‍പ്പെട്ടവരുടെ കാര്യമാണ്. തസ്തികകള്‍ മാറുംതോറും തുകയുടെ കണക്കില്‍ മാറ്റങ്ങള്‍ വന്നു ചേരും.
കേരളത്തില്‍ പുതുതായി ഒരു സംരംഭം തുടങ്ങണമെങ്കില്‍ ചെറിയ തുകയൊന്നുമല്ല മുതല്‍ മുടക്കേണ്ടി വരുന്നത്. അത് ഒരു ഹോട്ടല്‍ ആരംഭിക്കാനായാല്‍ പോലും എന്ന് വാസ്തവം. കേരളത്തിന് പുറത്തേയ്ക്കു പോയാല്‍ ചിലവേറും. ബാംഗ്ലൂര്‍ പോലുള്ള മെട്രോപോളിറ്റന്‍ നഗരങ്ങളിലേയ്ക്ക് ചെല്ലുംതോറും ഇതിന്റെ ചെലവ് ഇരട്ടിയോടടുക്കും. മുതല്‍ മുടക്ക് കുറവെന്നു പറഞ്ഞാലും കാശിറക്കാതെ പുതു സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ല.