വാട്സ്ആപ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചു. എന്നാൽ മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും പിന്നീട് അത് ഡിലീറ്റ് ചെയ്തതും അതിനെ മറികടക്കാന്‍ മറ്റൊരു മതത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയതും കെ. ഗോപാലകൃഷണന്‍ തന്നെയാണെന്ന് തെളിഞ്ഞു.
കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ പരാതിയിലായിരുന്നു പോലീസിന്റെ അന്വേഷണം നടന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും മറ്റാരോ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും മല്ലു ഹിന്ദു ഗ്രൂപ്പ് മാത്രമല്ല മുസ്ലിം ഗ്രൂപ്പ് ഉണ്ടെന്നും മറ്റുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ആ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. വിശദമായ അന്വേഷണത്തില്‍ കെ. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഫോറന്‍സിക് പരിശോധനയിലും അത് സ്ഥിരീകരിച്ചു. ഗോപാലകൃഷ്ണന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന് തെളിയിക്കുകയാണ് പോലീസ് ചെയ്തത്. അതിനാല്‍ തന്നെ ഗോപാലകൃഷ്ണന്‍ നല്‍കിയത് വ്യാജ പരാതിയായി കണക്കാക്കേണ്ടിവരും. അതുകൊണ്ട് ഗോപാലകൃഷ്ണൻ നൽകിയ പരാതിയില്‍ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.