'ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
വാട്‌സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ പലതരത്തിലുള്ള തട്ടിപ്പുകാരും, ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നു. ഉപഭോക്താവിന്റെ വാട്‌സാപ്പ് നമ്പർ കൈവശമുള്ള ആർക്കും മെസേജ് അയക്കാൻ സാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ് അയക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിക്കും. അതിനായി അപരിചിതരില്‍ നിന്നും അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. 'ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ 2.24.17.24 ബീറ്റാ പതിപ്പിലാണ് പരീക്ഷിക്കുന്നതെന്ന് വാട്‌സാപ്പ് ബീറ്റാ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഈ ഫീച്ചർ വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിങ്‌സിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തുക. അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും സ്വകാര്യതയും നൽകാൻ ഈ ഫീച്ചർ സഹായകരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.