അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് കൊച്ചിയിൽ എത്തുമ്പോൾ
ഫിഷറീസ് പ്രൊഫഷണലുകളുടെയും സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികളുടെയും രാജ്യാന്തര സമ്മേളനമായ ഇൻ്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന് ആദ്യമായി കേരളം ആതിഥേയത്വം വഹിക്കുന്നു. ഇൻ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻ്റ് എക്സ്പോയ്ക്ക് കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) തുടക്കമായി.പനങ്ങാട് ഫിഷറീസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ (കോഫ്പ) സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ കോൺഗ്രസ് സംഘടിപ്പിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികളാണ് ഫിഷറീസ് കോൺഗ്രസിൽ പങ്കെടുക്കുന്നത്.
മത്സ്യബന്ധനവും സമുദ്രോൽപ്പന്ന വ്യവസായവും നമ്മുടെ രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും സാമൂഹിക - സാമ്പത്തിക മണ്ഡലങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.കാലാവസ്ഥ വ്യതിയാനം ഫിഷറീസ് മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കൊണ്ട് ബ്ലൂ ഇക്കോണമിയിലെ സാദ്ധ്യതകൾ പ്രത്യുൽപാദപരമായി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് ഫിഷറീസ് കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുക. വേമ്പനാട്ട് കായലിൻ്റ നശീകരണവും ലോകവ്യാപകമായി നടക്കുന്ന ജലജീവി വർഗ്ഗങ്ങളുടെ ശോഷണവും സമ്മേളനം ചർച്ച ചെയ്യും. മത്സ്യബന്ധന മേഖലയിൽ തൊഴിലാളികളും മത്സ്യകൃഷിയിൽ കർഷകരും നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനുമായി മത്സ്യബന്ധന തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും ദേശിയ സംഗമവും ഫിഷറീസ് കോൺഗ്രസിൻ്റെ ഭാഗമായി നടക്കും. കോൺഗ്രസിൻ്റ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് മത്സ്യതൊഴിലാളി -കർഷക സംഗമം.
ഫിഷറീസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും സർവ്വകലാശാലകളും ഫിഷറീസ് കോൺഗ്രസിൽ പങ്കെടുക്കും. സ്വദേശത്തെയും വിദേശത്തെയും പ്രധാന ഫിഷറീസ് സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഫിഷറീസ് കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന എക്സ്പോയിൽ ഉണ്ടാകും.മൂന്ന് ദിവസത്തെ കോൺഗ്രസിൽ ഉരുത്തിരിയുന്ന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര- സംസ്ഥാന ഫിഷറീസ് മന്ത്രാലയങ്ങൾക്കും ഐക്യ രാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടനക്കും സമർപ്പിക്കും.
picture courtesy: pexels