ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ? സർക്കാർ വേട്ടക്കാർക്കൊപ്പം: രമേശ് ചെന്നിത്തല
കോഴിക്കോട്: മുകേഷിനെതിരായത് രാഷ്ട്രീയ ആരോപണമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ കോൺഗ്രസ് നേതൃസംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുകേഷിനെതിരായതു ഗുരുതര ആരോപണം ആണ്. തൽക്കാലം അറസ്റ്റ് വേണ്ട എന്നേ കോടതി പറഞ്ഞിട്ടുള്ളു. മുകേഷിന് ഈ കേസിൽ താൻ നിരപരാധിയാണെന്നു പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. എന്നാൽ എൽദോസ് കുന്നപ്പളളിക്കു കോടതി ജാമ്യം നൽകിയതാണെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.
സിപിഎം ധാർമികത ഇല്ലാത്ത പാർട്ടിയാണ്. അതിനാൽ നേരത്തെയും കേസുകളിൽപെട്ടവരെ വലിയ സ്ഥാനത്ത് ഇരുത്തിയിട്ടുണ്ട്. സിപിഎം മുകേഷിനെ രാജി വയ്പ്പിക്കും എന്ന പ്രതീക്ഷ ഇല്ല. സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
‘‘ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ?. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണത്. യഥാർഥ പ്രശ്നത്തിൽനിന്നു വഴി തിരിച്ചു വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയാണു പ്രധാന പ്രശ്നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല’’– രമേശ് ചെന്നിത്തല പറഞ്ഞു.