കാനത്തിന്റെ പകരക്കാരൻ ആര്?
സിപിഐയിൽ അനൗദ്യോഗിക ചർച്ച തുടങ്ങി
തിരുവനന്തപുരം: അനാരോഗ്യം മൂലം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുന്നോടിയായി മൂന്നുമാസത്തെ അവധി അപേക്ഷ നൽകിയ കാനം രാജേന്ദ്രന്റെ പകരക്കാരനെക്കുറിച്ച് സിപിഐയിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വമാണ് പകരം പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ളത്. അടുത്തവർഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. ദേശീയ നേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന ബിനോയ് വിശ്വം നിലവിൽ സംസ്ഥാനത്ത് സജീവമാണ്. മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു നിലവിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം കാനത്തിന്റെ അവധി അപേക്ഷ പരിഗണിക്കും. അടുത്ത മാസം ദേശീയ നിർവാഹകസമിതി യോഗം ചേർന്നതിന് ശേഷം പുതിയ നേതൃത്വം നിലവിൽ വന്നേക്കും.
പ്രമേഹ രോഗബാധിതനായ കാനം രാജേന്ദ്രന് രണ്ടുമാസത്തിന് മുമ്പ് ഉണ്ടായ അപകടത്തിൽ കാലിന്റ അടിഭാഗത്ത് മുറിവേറ്റിരുന്നു. മുറിവ് ഉണങ്ങാതിരിക്കുകയും അണുബാധ രൂക്ഷമാവുകയും ചെയ്തതോടെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം മൂന്നു വിരലുകളും പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച കാൽപാദവും മുറിച്ചു മാറ്റേണ്ടിവന്നു. ഇതേ തുടർന്നാണ് പാർട്ടി പദവിയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത്.
2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ വേണ്ടിവരും. കുറച്ചുനാളായി പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്ന വസ്തുതകൂടി കണക്കിലെടുത്താണ് സ്ഥാനമാറ്റം സംബന്ധിച്ച ആലോചന നടക്കുന്നത്. പാർട്ടി രീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്ത് തുടരാം