For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ട്'?: സർക്കാരിനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

12:39 PM Aug 28, 2024 IST | ലേഖകന്‍
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ട്    സർക്കാരിനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
Advertisement

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാമേഖലയിലെ നിരന്തരമായ ആരോപണങ്ങളിൽ സർക്കാരിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. സര്‍ക്കാരിന്റെ ഒളിച്ചുകളിയെ തുടര്‍ന്നാണ് എല്ലാവരും വഷളാകുന്ന സാഹചര്യമുണ്ടാക്കുന്നതെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കൂടാതെ സിനിമ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനുള്ള കാരണവും സര്‍ക്കാരാണ്. എത്രയോ നല്ല മനുഷ്യരാണ് സിനിമയിലുള്ളത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതു കൊണ്ടാണ് നിരപരാധികള്‍ പോലും അപമാനിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Advertisement

പ്രതിപക്ഷത്തിന് സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഇപ്പോള്‍ ആരും മിണ്ടുന്നില്ല. സാംസ്‌കാരിക മന്ത്രിയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമെ മറുപടി പറയൂ.

സര്‍ക്കാരിനോട് പ്രതിപക്ഷം 5 ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അതിന് മറുപടി നല്‍കിയെ മതിയാകൂ.

  1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?
  2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്‌സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?
  3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?
  4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?
  5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?

ഈ 5 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയില്‍ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ എടുക്കണം. സി.പി.എമ്മിന്റെ എം.എല്‍.എയെ രക്ഷിക്കാന്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരെ തട്ടിമാറ്റിയത് സി.പി.എമ്മിന്റെ എം.എല്‍.എയെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇരകളെയും വേട്ടക്കാരെയം ഒന്നിച്ച് ഇരുത്തിയുള്ള സിനിമ കോണ്‍ക്ലേവ് അനുവദിക്കില്ല. മുകേഷ് രാജി വയ്ക്കണമോയെന്ന് അദ്ദേഹവും സി.പി.എമ്മും തീരുമാനിക്കട്ടെ. ആരെ ആരാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവരും അറിയുകയാണ്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഒന്നാം പ്രതിയായി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.