ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും ഇഡിയുടെ വ്യാപക റെയ്‌ഡ്
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഇപ്പോൾ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും റെയ്‌ഡ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ്. അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തയ്യാറാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ ആറിനാണ് റാഞ്ചിയിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയിൽ കേസുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ആസൂത്രിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കള്ളപണമൊഴുക്ക് പരിശോധിക്കുന്നതിനായി ഇഡി റെയ്‌ഡ് നടത്തുന്നത്.