മാനന്തവാടിയില്‍ കാട്ടാനയ്ക്ക് മയക്കുവെടി വെയ്ക്കും: ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്നുവിടണമെന്ന് ഉത്തരവ്
മാനന്തവാടി: എട്ട് മണിക്കൂറിലധികമായി വയനാട് മാനന്തവാടിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതിപടര്‍ത്തി നില്‍ക്കുന്ന കാട്ടാനയെ ഉടന്‍ മയക്കുവെടിവയ്ക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാദ്ധ്യമായില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്നുവിടണമെന്നുമാണ് ഉത്തവില്‍ പറയുന്നത്. സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂരില്‍ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇപ്പോള്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ആന ഇപ്പോള്‍ വാഴത്തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളാണ് എത്തിയിട്ടുള്ളത്.
സ്ഥിതി നിരീക്ഷിക്കുകയാണെന്നും വേണ്ടിവന്നാല്‍ മയക്കുവെടി വച്ച് ആനയെ പിടികൂടുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകത്തിന്റേതായതിനാല്‍ അവിടത്തെ കളക്ടറോട് വയനാട്ടിലെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഇറങ്ങി ഇത്രയും മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ ആനയെ മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല. ഇത് ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുകയാണ്. പൊലീസും റവന്യൂ വകുപ്പും വനം വകുപ്പും ചേര്‍ന്ന് കര്‍ഫ്യൂ നടപ്പിലാക്കാന്‍ വൈകി. രാവിലെ കോടതി പരിസരത്ത് ആന എത്തിയപ്പോള്‍ തന്നെ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. അത് ചെയ്തില്ല എന്നുമാത്രമല്ല, റോഡുകള്‍ മുഴുവന്‍ അടയ്ക്കാനുള്ള നടപടിയും സ്വീകരിച്ചില്ല. ആയിരക്കണക്കിന് കുട്ടികള്‍ ഈ സമയത്ത് സ്‌കൂളുകളിലെത്തി.വീട്ടില്‍ നിന്ന് പുറപ്പെട്ട നിരവധി കുട്ടികള്‍ വഴിയിലായി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ വലിയ ആശങ്കയിലായിരുന്നു. 50 മീറ്റര്‍ കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ആന മെഡിക്കല്‍ കോളേജ് പരിസരത്തെത്തുമായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഇവിടെ വലിയ ദുരന്തങ്ങള്‍ ഉണ്ടായേനെ. ആനയെ എത്രയും പെട്ടെന്ന് മയക്കുവെടി വച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം.'- നാട്ടുകാര്‍ പറയുന്നു