'സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും' ശീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്‍പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരെയും അനുവദിക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സി.എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറിലുള്ളത്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് റീജ്യനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്ന് സര്‍ക്കുലറില്‍ ജീവനക്കാര്‍ക്കുനേരെയും മുന്നറിയിപ്പുണ്ട്.
വിവിധ വില്‍പന ശൃംഖലകളുമായുള്ള മത്സരത്തിന്റെ അടിസ്ഥാനത്തില്‍ കച്ചവടതാല്‍പര്യം സംരക്ഷിക്കാനെന്ന പേരിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, സപ്ലൈകോ വില്‍പന ശാലകളില്‍ അവശ്യ വസ്തുക്കളില്ലാത്ത ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുകയാണ് ഈ സര്‍ക്കുലറിന് പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക് പോസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക് പോസ്റ്റ്
എന്നാല്‍ അതൊന്നു കാണണമല്ലോ ശ്രീറാം ''സാറെ''….
സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….
പാക്കലാം…!