വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും: പ്രിയങ്കഗാന്ധി
ബത്തേരി: വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലെ കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാര്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. രാഹുല്‍ ഗാന്ധി വയനാടിന്റെ എം. പി. ആയിരിക്കുമ്പോള്‍ അത് സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്. വയനാട്ടുകാര്‍ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരേയും സഹായിച്ചു. പോരാട്ടത്തിന്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാര്‍ക്കെതിരെ വയനാടന്‍ ജനത ശക്തമായി പോരാടി. ഇവിടത്തെ പ്രകൃതിയും ഭൂമിയും അതി മനോഹരമാണ്. മത സൗഹാര്‍ദത്തിന്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ എന്ന നിലയില്‍ വയനാട്ടിലെ ജനങ്ങള്‍ സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രധിനീതികരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗ്രഹീതമായ വ്യക്തി തനാവുമെന്ന് അവര്‍ പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിക്കുന്ന സമയത്ത് നമ്മള്‍ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണ്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭയവും ചിദ്രതയും വിദ്വേഷവും വളര്‍ത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു. മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ക്കറിയാം. ഈ രാജ്യത്ത് മുഴുവന്‍ അവര്‍ ഭയവും വെറുപ്പും വിദ്വേഷവും പടര്‍ത്തി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി ബി ജെ പി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും
കര്‍ഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികള്‍ വന്‍കിടക്കാര്‍ക്ക് നല്‍കുന്നു. മിനിമം താങ്ങുവില നല്‍കുമെന്ന് പൊള്ളയായ വാഗ്ദാനം നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലത്തി. മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും അവര്‍ക്ക് യാതൊരു ഭാവിയുമില്ല. രാത്രിയാത്രാ നിരോധനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു പ്രവര്‍ത്തകന്‍ സമീപിച്ചിരുന്നു. ഇതടക്കം വയനാടിന്റെ ഓരോ പ്രശ്‌നങ്ങളേയും കുറിച്ച് എനിക്ക് ബോധ്യമുണ്ട് എന്ന് പ്രിയങ്ക പറഞ്ഞു.
എല്ലാവരും തന്റെ സഹോദരനെ വളത്തിട്ടാക്രമിച്ചപ്പോള്‍ വയനാട് അദ്ദേഹത്തെ ചേര്‍ത്തണച്ചു. അദ്ദേഹത്തിന് രാജ്യം മുഴുവന്‍ നടക്കാനുള്ള ഊര്‍ജ്ജം നല്‍കിയത് വയനാട്ടുകാരാണ്. ജനാധിപത്യം നിലനില്‍ക്കാനും തുല്യതയ്ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാന്‍ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി., കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, കോര്‍ഡിനേറ്റര്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ,
ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ടി. സിദ്ദീഖ് എം.എല്‍.എ., ജെബി മേത്തര്‍ എം.പി, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്പ്, അബ്ദുല്ല മാടാക്കര, ഡി.പി. രാജശേഖരന്‍, കെ.ഇ. വിനയന്‍, മനോജ് ചന്ദനക്കാവ്, ഹൈറുദ്ധീന്‍, എന്‍.എസ് ശുക്കൂര്‍, വി എം വിശ്വനാഥന്‍, ബേബി വര്‍ഗീസ്, എം.എ അയ്യൂബ്, കെ.പി നുസ്‌റത്ത് പങ്കെടുത്തു.