മമ്മൂട്ടീടെം മോഹൻലാലിൻ്റെയും പ്രഭാഷണം കേട്ടാൽ വയറുനിറയുമോ - കെ.മുരളീധരൻ
തിരുവനന്തപുരം:കയ്യിൽ നാല് കാശില്ലാണ്ട് മമ്മൂട്ടീടെം മോഹൻലാലിൻ്റെയും പ്രഭാഷണം കേട്ടാൽ ജനങ്ങളുടെ വയറ് നിറയുമോ എന്ന് മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ എം പി .ജനങ്ങളിവിടെ പ്രയാസത്തിലും സാമ്പത്തികമായി ബുദ്ധിമുട്ടിലും പട്ടിണിയിലുമാണ്. ആ സമയത്താണ്,
സിനിമാ നടൻമാരെ വച്ച് കേരള പിറവി ആഘോഷിച്ച് ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി
സെൽഫിയെടുത്ത് ആനന്ദിക്കുന്നത്.
ഏഴാം ക്ലാസുകാരൻ്റെ ഫോൺ സന്ദേശം കേട്ട് പേടിച്ച മുഖ്യമന്ത്രിയാണ് ഇരട്ടച്ചങ്കൻ എന്ന് പറയുന്നത്. ഓരോ ദിവസവും കൂട്ടിക്കൊണ്ടിരിക്കയാണ് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി. മുഖ്യമന്ത്രിയുടെ 'യാത്രക്കുള്ള ലക്ഷ്വറി ബസിൻ്റെ പകുതി മുഖ്യമന്ത്രിക്കും ബാക്കി 20 മന്ത്രിമാർക്കും എന്നാണ് കേൾക്കുന്നത്. ജൻമി കുടിയാൻ ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞ പാർട്ടിയല്ലേ മാർക്സിസ്റ്റ് പാർട്ടി.മുഖ്യമന്ത്രി എന്ന ജൻമി പകുതി കാബിൻ ഉപയോഗിക്കുമ്പോൾ അടിയാൻമാരായ മന്ത്രിമാർക്ക്ബാക്കി സ്ഥലംമേ ഉള്ളു.
ജനങ്ങൾ പറയുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കാശുണ്ടോ ?വികസനപ്രവർത്തനം നടത്താൻ കാശുണ്ടോ? കൊങ്കൺ റെയിൽവേയിൽ ഗോവ ഭാഗത്തുള്ള രണ്ട് ബദൽ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനുള്ള കേരള വിഹിതം 1200 കോടി രൂപ കൊടുക്കാൻ കാശില്ല .എല്ലാം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു.
ചില പ്രത്യേക സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത് . 22 സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കി കേരളത്തിന് മാത്രമായി അതിൽ നിന്നും മാറി നിൽക്കാർ കഴിയില്ല എന്ന സ്ഥിതിയിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുകൊണ്ട് യാതൊരു മെച്ചവും സർക്കാരിനോ ജീവനക്കാർക്കോ ഇല്ല എന്ന് മനസിലാക്കിയപ്പോഴാണ് ആ തീരുമാനത്തിൽ നിന്നും പിൻമാറാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് തിരുമാനിച്ചത്.
എന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് പറഞ്ഞവർക്ക് പിൻവലിക്കാൻ മടിയെന്തിന്?
ഭരണകക്ഷി യൂണിയനായ ജോയിൻ്റ് കൗൺസിൽ പുനപരിശോധനാ സമിതിയുടെ റിപ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പോയപ്പോൾ, ആ റിപോർട്ട് കൊടുക്കുന്നത് ഒഴിവാക്കുന്നതിനാണ് അതിൻമേൽ ഒരു കമ്മീഷനെ വച്ചത്.ജീവനക്കാരെയും ഘടകക്ഷികളെയും വിശ്വാസത്തിലെടുക്കുന്നില്ല.
സർക്കാരിൻ്റെ കയ്യിൽ കാശില്ല.റോഡ് പണിയാൻ കാശില്ല. നെല്ല് സംഭരിച്ച വകയിൽ കർഷകന് കൊടുക്കാൻ കാശില്ല. ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിനും പെൻഷൻകാർക്ക് പെൻഷനും കാശില്ല.ശിവൻകുട്ടിയുടെ പ്രമേഹത്തിന് ചികിത്സിച്ച ഒന്നര ലക്ഷം കൊടുക്കാൻ അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കേണ്ടി വന്നു എന്നിരിക്കെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാൻ വേറെ വല്ലതും വേണോ?
അപ്പോഴാണ് 25 കോടി മുടക്കി ഒരു മാമാങ്കം ഇവിടെ നടത്തുന്നത്.
അടുത്ത കാലത്തായി സി പി എമ്മിന് പാലസ്തീൻ പ്രേമം കൂടിയിരിക്കുകയാണ്. പാലസ്തീന് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്.അതു കൊണ്ട് യുഡിഎഫിൽ തർക്കമുണ്ടാക്കാമെന്ന് കരുതി പാലസ്തീൻ റാലി നടത്തിയാൽ, അതുകൊണ്ടാെന്നും കേരളത്തിലെ സി പി എം രക്ഷപ്പെടാൻ പോകുന്നില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സി പി എം തല കുത്തി നിന്നാലും ഒരു സീറ്റു പോലും കിട്ടില്ല. - കെ മുരളീധരൻ കൂട്ടിച്ചേർത്തു
ശമ്പള കമ്മീഷനെ നിയമിക്കുക
ആറു ഗഡു ഡി എ യും
ലീവ് സറണ്ടറും അനുവദിക്കുക. മെഡിസെപ്പ് കുറ്റമറ്റതാക്കി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,
സെക്രട്ടേറിയറ്റ് തസ്തികകൾ സംരക്ഷിക്കുക,
സെക്രട്ടേറിയറ്റിന് ദ്രോഹകരമായ ശുപാർശകൾ തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനന്തപുരി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ബിനോദ് അധ്യക്ഷത വഹിച്ചു.കെ എഫ് എസ്എ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ കെ എൽ എസ് എ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, എൽ എസ് ഇ ഒ പ്രസിഡൻ്റ് ഷിബു ജോസഫ്,, ജനറൽ സെക്രട്ടറി വി എ ബിനു, കെ എം അനിൽകുമാർ, നൗഷാദ് ബദറുദ്ദീൻ, എ സുധീർ, ഗോവിന്ദ് ജി ആർ, റീജ എൻ, പ്രസീന എൻ, ജി രാമചന്ദ്രൻ നായർ, റെയ്സ്റ്റൺ പ്രകാശ്, സജീവ് പരിശവിള തുടങ്ങിയവർ സംസാരിച്ചു