വഖഫ് ഭേദഗതി ബില്ല്; അയോധ്യ, ഗുരുവായൂര്‍ ക്ഷേത്ര ബോർഡുകളില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുമോ?: കെ സി വേണുഗോപാല്‍
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. വഖഫ് ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള അക്രമണമാണെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. വഖഫ് ബോര്‍ഡിൻ്റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്. അവരാണ് വഖഫ് സംഭാവന നല്‍കുന്നത്. അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി.
അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. മതവിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ തീരുമാനമെന്നും ആദ്യം മുസ്ലിങ്ങള്‍ പിന്നീട് ക്രിസ്ത്യാനികള്‍, ജൈനര്‍, പാർസികൾ എന്നിങ്ങനെ ഓരോ മതവിശ്വാസികളെയും തിരിക്കും. 'ഞാനും വിശ്വാസിയാണ്, ഹിന്ദുവാണ്'. എന്നാല്‍ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു. ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്നും ഹരിയാന തിരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് മുന്നിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.