സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാർമാരുടെ
സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണം:കെഎസ്‌സിഐഎഎ
കൊല്ലം: പൊതു സ്ഥലം മാറ്റമാനദണ്ഡങ്ങൾ ലംഘിച്ച് സഹകരണ വകുപ്പിൽ നടപ്പിലാക്കിയ അസിസ്റ്റന്റ് രജിസ്ട്രാർമാരുടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നും ഓൺലൈൻ പൊതു സ്ഥലം മാറ്റത്തിന് വേണ്ടി പോരാടിയ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണനെ പ്രതികാര നടപടിയായി മലപ്പുറത്തേക്ക് നിയമിച്ച നടപടി പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വകുപ്പുകളിലും പൊതു സ്ഥലം മാറ്റം ഓൺലൈൻ മുഖേനയാക്കണം എന്ന ഉത്തരവ് ഇറങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും സഹകരണ വകുപ്പിൽ ഇത് നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ച് ജൂലൈ 31ന് മുമ്പ് ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കണമെന്ന് അനുകൂല വിധി സസാദിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് പി.കെ ജയകൃഷ്ണനെ മലപ്പുറത്തിന് സ്ഥലം മാറ്റിയത്. സംസ്ഥാന പ്രസിഡന്റ് എന്ന പരിഗണന ഉണ്ടായിട്ടും, കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒഴിവുണ്ടായിട്ടും മലപ്പുറത്തിന് സ്ഥലം മാറ്റിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ഉള്ളവരെ എറണാകുളത്തിനും തെക്കൻ ജില്ലകളിൽ ഉള്ളവരെ മലബാറിലേക്കും സ്ഥലം മാറ്റിയാണ് ട്രാൻസ്ഫർ ഉത്തരവ് നടപ്പിലാക്കിയത്. കേരളത്തിലെ മറ്റെല്ലാ വകുപ്പുകളിലും പൊതു സ്ഥലം മാറ്റം ഓൺലൈൻ മുഖേനയാക്കിയപ്പോൾ സഹ: വകുപ്പിൽ മാത്രം ഇത് നടപ്പിലാക്കാതെ ഒളിച്ചു കളിക്കുന്നത് ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജന: സെക്രട്ടറി കെ.വി.ജയഷ് പറഞ്ഞു