Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന ഇന്ന്

10:54 AM Aug 20, 2024 IST | ലേഖകന്‍
Advertisement
Advertisement

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകക്കേസിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) ഇന്ന് നടത്തുമെന്ന് സിബിഐ. തിങ്കളാഴ്ചയാണ് പ്രതിയുടെ നുണ പരിശോധന നടത്താൻ അനുമതി ലഭിച്ചത്. പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയതിന് പിന്നാലെ നുണപരിശോധന നടത്താൻ സിബിഐ, കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം കൂടുതൽ അറിയാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിയെ ഞായറാഴ്ച സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം വിഷയത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തു. എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികളിലും സുരക്ഷാ വിന്യാസം 25 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ജൂനിയർ ഡോക്‌ടർമാർ പണിമുടക്ക് തുടരുന്നത് പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ ഏതാണ്ട് നിലച്ച രീതിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരുടെ കുറവുമൂലം ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ വൻ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.

അതിനിടെ സാമൂഹിക മാധ്യമത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കൊൽക്കത്ത പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും മുഖ്യമന്ത്രി മമത ബാനർജിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരാളെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാ മാതാവ് രംഗത്തെത്തി. സഞ്ജയ് റോയ് ഭാര്യയെ മർദിക്കാറുണ്ടെന്നും ഒരിക്കൽ മർദനത്തിനിടെ മകളുടെ ഗർഭം അലസിപോയെന്നും അവർ ആരോപിച്ചു.

Tags :
nationalnews
Advertisement
Next Article