വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ഫൈനൽ ഇന്ന്; ഡൽഹി ക്യാപിറ്റൽസ് - റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടം വൈകിട്ട് 7:30ന്
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 കിരീടത്തിനായി മെഗ് ലാന്നിംഗിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ് മത്സരം. കന്നിക്കിരീട മോഹത്തോടെയാണ് ഇരുടീമും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ആർസിബിക്ക് ഇത് കന്നി ഫൈനലാണ്, ക്യാപ്പിറ്റല്‍സിന്‍റെ രണ്ടാമത്തേതും.
ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് ആർസിബി പ്ലേ ഓഫ് എലിമിനേറ്ററില്‍ കടന്നത്. 2024 ഡബ്ല്യുപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരിയായ എല്ലിസ് പെറിയാണ് ആർസിബിയുടെ ബാറ്റിംഗ് കരുത്ത്. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തുന്ന ഓസീസ് താരം എട്ട് മത്സരങ്ങളില്‍ രണ്ട് അർധസെഞ്ചുറിയടക്കം 312 റണ്‍സ് നേടിയാണ് ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പ് അണിയുന്നത്. ഒമ്പത് മത്സരങ്ങളില്‍ രണ്ട് അർധസെഞ്ചുറിയടക്കം 269 റണ്‍സ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ബാറ്റിംഗില്‍ ആർബിസിയുടെ മറ്റൊരു കരുത്ത്.
ഡല്‍ഹിക്ക് രണ്ടാമൂഴം
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിട്ടും കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് കപ്പ് നഷ്ടമായതിന്റെ നിരാശ മറികടക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ബാറ്റിങ് നിരതന്നെയാണ് ഡല്‍ഹിയുടെ ശക്തി. ഷെഫാലി വർമ, താനിയ ഭാട്ടിയ, ജമൈമ റോഡ്രിഗസ് എന്നിവരടങ്ങിയ ടോപ് ഓർഡർ ഏതു ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്. മരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവർ ഉള്‍പ്പെട്ട ബോളിങ് നിരയും മികച്ച ഫോമിലാണ്. മധ്യനിരയില്‍ അലിസ് കാപ്സി, അന്നബല്‍ സതർലൻഡ് എന്നിവർ കൂടി ചേരുമ്പോള്‍ ഡല്‍ഹി ഡബിള്‍ സ്ട്രോങ്.