വനിതാ ട്വന്റി 20 ലോകകപ്പ് ; ടീമിൽ 2 മലയാളി താരങ്ങൾ, മിന്നു മണി പുറത്ത്
മുംബൈ: രണ്ടു മലയാളി താരങ്ങളെ ഉൾപ്പെടുത്തി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലെ മലയാളികൾ. സൂപ്പർതാരം സ്മൃതി മന്ഥനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇവർ ഉൾപ്പെടുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു പേരെ ട്രാവലിങ് റിസർവ് വിഭാഗത്തിലും രണ്ടു പേരെ നോൺ ട്രാവലിങ് റിസർവ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഒൻപതാം പതിപ്പ് ഇത്തവണ ഒക്ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിലാണ് നടക്കുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ 15 അംഗ ടീമിലുള്ള യാസ്തിക ശ്രേയങ്ക പാട്ടീൽ, ഭാട്യ എന്നിവരുടെ ലോകകപ്പ് പങ്കാളിത്തം ഫിറ്റ്നസ് തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷമാണ് ബംഗ്ലദേശ് പര്യടനത്തിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മുപ്പത്തിരണ്ടുകാരി ആശ ശോഭന മാറിയത്. അതേസമയം, വയനാട്ടിൽ നിന്നുള്ള യുവതാരം മിന്നു മണിയെ പരിഗണിക്കാത്തത് കേരളത്തിനു നിരാശയായി. അടുത്തിടെ ഓസ്ട്രേലിയയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി മിന്നു മണി തിളങ്ങിയിരുന്നു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ, അരുദ്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ഡി. ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ
ട്രാവലിങ് റിസർവ്സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), തനൂജ കൻവേർ, സൈമ ഠാക്കോർ
നോൺ ട്രാവലിങ് റിസർവ്സ്: രാഖ്‌വി ബിസ്ത്, പ്രിയ മിശ്ര