കേരളത്തിൽ ജോലി; ആസാമിൽ നിന്ന് ഫുൾടൈം പി.എച്ച്.ഡി
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും കുരുക്കിൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡ്വൈസറുമായ രതീഷ് കാളിയാടന്റെ പി.എച്ച്.ഡി വിവാദത്തിൽ. നിയമവിരുദ്ധമായും അനധികൃതമായും പി.എച്ച്.ഡി നേടിയെടുത്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ രതീഷ് കാളിയാടൻ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിലാണ് ആസാം സർവ്വകലാശാലയിൽ നിന്നും ഫുൾടൈം പി.എച്ച്ഡി.നേടിയതെന്നാണ് രേഖയിലുള്ളത്. 2012 ഒക്ടോബർ ഒന്നുമുതൽ 2014 നവംബർ അഞ്ചുവരെയുള്ള കാലയളവിലാണ് ഇദ്ദേഹം ഫുൾടൈം ഗവേഷണം നടത്തിയതെന്നാണ് രേഖ. ഫുൾടൈം പി.എച്ച്.ഡി ചെയ്യുമ്പോൾ 80 ശതമാനത്തിന് മുകളിൽ ഹാജർ ഗവേഷണ സെന്ററിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, ഈ കാലയളവിൽ തന്നെയാണ് രതീഷ് കാളിയാൻ കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായി ജോലി നോക്കിയിരുന്നതെന്നതാണ് ശ്രദ്ധേയം.
രതീഷ് കാളിയാടന്റെ പ്രബന്ധത്തിൽ ശരാശരി 70 ശതമാനവും കോപ്പിയടിച്ചതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഫ്റ്റ് വെയർ മുഖേന ഓരോ ചാപ്റ്ററും എടുത്തു പരിശോധന നടത്തിയപ്പോഴാണ് കോപ്പിയടിയുടെ തോത് പുറത്തുവന്നത്. ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്. ഒന്നാം ചാപ്റ്ററിൽ 85 ശതമാനം, രണ്ടാം ചാപ്റ്ററിൽ 95 ശതമാനം, മൂന്നാം ചാപ്റ്ററിൽ 62 ശതമാനം, നാലാം ചാപ്റ്ററിൽ 66 ശതമാനം, അഞ്ചാം ചാപ്റ്ററിൽ 86 ശതമാനം എന്നിങ്ങനെ പ്രബന്ധം കോപ്പിയടിച്ചതാണെന്നാണ് സോഫ്റ്റ് വെയറിൽ കാണിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ഇദ്ദേഹത്തിന്റെ പ്രബന്ധം സോഫ്റ്റ് വെയർ മുഖേന പരിശോധിച്ച് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
കേരളത്തിൽ ജോലി ചെയ്യുമ്പോൾ രതീഷിന് എങ്ങനെ ആസാമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചുവെന്നത് ദുരൂഹമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് മൂന്നു വർഷങ്ങളെങ്കിലും വേണമെന്ന് യുജിസി നിബന്ധനയുണ്ടെന്നിരിക്കെ, രതീഷ് കാളിയാടൻ രണ്ടുവർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി. യുജിസി നിഷ്കർഷിക്കുന്ന കോഴ്സ് വർക്ക് ചെയ്തിട്ടില്ല എന്നതും വ്യക്തമാണ്. ഹയർസെക്കൻഡറി സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായ ജോലി ചെയ്തു സർക്കാർ ശമ്പളം വാങ്ങി, അതേസമയത്ത് തന്നെ ആസാമിൽ പിഎച്ച്ഡി ചെയ്തുവെന്നത് കായംകുളം എംഎസ്എം കോളേജിൽ അടുത്തിടെ വ്യാജ സർട്ടിഫിക്കറ്റ് നൽകി അഡ്മിഷൻ നേടിയ എസ്എഫ്ഐ നേതാവിന്റേതിന് തുല്യമാണെന്നാണ് ആക്ഷേപം. കണ്ണൂർ സർവ്വകലാശാലയിൽ ജേണലിസം വിഷയത്തിൽ പ്രൊഫസർ പോസ്റ്റിലേക്ക് ഇടതുപക്ഷ സംവിധാനം കണ്ടുവെച്ചിരിക്കുന്ന ഉദ്യോഗാർത്ഥിയാണ് ഇദ്ദേഹമെന്നും ഗവേഷകരുടെ ഇടയിൽ സംസാരമുണ്ട്.