ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുത്ത മാസം ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും സ്ഥാനാര്‍ഥികളാകും. ഇരുവരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. പാരിസ് ഒളിമ്പിക്‌സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരായ ലൈഗികാരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ പരിപാടികളില്‍ വിനേഷും ബജ്രംഗും മുന്‍നിരയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങള്‍ സമരം നടത്തിയവേളയില്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷനാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.
കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തിയും കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കും. കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. അവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകര്‍ തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗം വനിതാ ഗുസ്തിയില്‍ ഫൈനല്‍ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനു തൊട്ടുമുന്‍പ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം 100 ഗ്രാം കൂടിയതിന്റെ പേരിലാണ് താരത്തെ അയോഗ്യയാക്കിയത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും താരത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.