For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വൈപ്പിൻ തീരം ഭീതിയിൽ; എടവനക്കാട് ശക്തമായ തിരമാല

03:25 PM Jun 27, 2024 IST | ലേഖകന്‍
വൈപ്പിൻ തീരം ഭീതിയിൽ  എടവനക്കാട് ശക്തമായ തിരമാല
Advertisement
Advertisement

വൈപ്പിൻ: വൈപ്പിൻ തീരത്ത് കടൽ കയറ്റം രൂക്ഷമായി തുടരുന്നു. ദ്വീപിന്റെ മധ്യമേഖലയായ എടവനക്കാടാണ് തിരമാലകൾ ഇന്നലെ ഏറെ ശക്തമായത്. പഴങ്ങാട് കടപ്പുറത്ത് ശക്തമായ തിരയടിയിൽ മണൽബണ്ട് തകർന്നതിനെ തുടർന്നു വൻതോതിൽ വെള്ളം കരയിലേക്ക് എത്തി. ഇവിടെയുള്ള പോക്കറ്റ് റോഡുകളും 50 ലേറെ വീടുകളും രൂക്ഷമായ വെള്ളക്കെട്ടിന്റെ പിടിയിലാണ്. രാവിലെ ജോലിക്കിറങ്ങിയ പലർക്കും വൈകിട്ട് കടൽക്ഷോഭവും വെള്ളക്കെട്ടും മൂലം വീടുകളിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടാണ്.

ഇക്കുറി കാലവർഷം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ കടൽകയറ്റമാണ് ഇന്നലെ ഉണ്ടായതെന്ന് പഴങ്ങാട് കടപ്പുറം നിവാസികൾ പറയുന്നു. പോക്കറ്റ് റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അതുവഴി കടന്നുപോയ ഒട്ടേറെ ഇരുചക്രവാഹനങ്ങൾ പ്രവർത്തനരഹിതമായി.

ഈ ഭാഗത്തേക്കുള്ള യാത്ര മാർഗവും അടഞ്ഞ അവസ്ഥയിലാണ്. ഉച്ചയോടെ ആരംഭിച്ച കടൽ കയറ്റം വൈകിട്ട് വരെ നീണ്ടു. പൊലീസും റവന്യു അധികൃതരും സ്ഥലത്ത് എത്തിയെങ്കിലും വെള്ളക്കയറ്റം മൂലം തീരത്തേക്ക് പോകാൻ കഴി‍ഞ്ഞില്ല. ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. ചെമ്മീൻകെട്ടുകൾ കര കവിഞ്ഞ് ഒഴുകിയതോടെ മീനും ചെമ്മീനും പുറത്തേക്ക് ഒഴുകി നഷ്ടമാവുകയും ചെയ്തു. ഇതു മൂലം വൻ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കർഷകർ പറഞ്ഞു.

മറ്റു തീരങ്ങളിലും തിരമാലകൾ ശക്തമായിരുന്നുവെങ്കിലും സ്ഥിതിഗതികൾ ഇത്രയ്ക്ക് രൂക്ഷമായില്ല. നായരമ്പലം വെളിയത്താം പറമ്പ്, എടവനക്കാട് അണിയിൽ തുടങ്ങിയ സ്ഥലങ്ങളിലും കടൽകയറ്റം അനുഭവപ്പെട്ടു. വെളിയത്താംപറമ്പിൽ ഇടക്കാലത്ത് നിർമിച്ച ജിയോ ബാഗ് തിരമാലകളെ ഒരു പരിധിവരെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തിരമാലകൾ ശക്തമായാൽ എപ്പോൾ വേണമെങ്കിലും ജിയോ ബാഗുകൾ തകരാവുന്ന സ്ഥിതിയാണ്.

കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ട് കിഴക്കൻ തീരത്തും ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. ചെമ്മീൻകെട്ടുകളോട് ചേർന്നുള്ള വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഉൾപ്രദേശങ്ങളിലെ പോക്കറ്റ് റോഡുകൾ മുങ്ങിയ അവസ്ഥയിലാണ്. മഴ തുടർന്നാൽ ക്യാംപുകളിലേക്ക് മാറേണ്ടി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

Tags :

ലേഖകന്‍

View all posts

Advertisement

.