മദ്യവില്പനയ്ക്ക് ആഘോഷമൊരുക്കി ബെവ്കോ
തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ക്രിസ്മസ് പുൽക്കൂടും വർണ വിളക്കുകളും പാട്ടും ഘോഷവുമായി ബെവ്കോ ഔട്ട് ലെറ്റ്. മദ്യ വില്പന ശാലകളും ബാറുകളും ഒരു കാരണവശാലും ഉപയോക്താക്കളെ ആകർഷിക്കുന്ന വർണച്ചമയങ്ങൾ ഒരുക്കരുതെന്ന നിർദേശം നിലനില്ക്കെയാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വാളക്കാട് ബിവറേജസ് ഔട്ട്ലെറ്റിൽ ആഘോഷങ്ങളൊരുക്കിയത്.
മദ്യം വാങ്ങാനായി എത്തുന്നവരെ ക്രിസ്മസ് തലേന്ന് വെെകുന്നേരം മുതൽ വർണക്കാഴ്ചകളൊരുക്കിയാണ് കോർപ്പറേഷൻ വരവേറ്റത്. പരിസരവുമെല്ലാം പ്രകാശമയം. എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പപ്പയും (Sbristmas Pappa) ക്രിസ്മസ് ട്രീയും (Christmas Tree). ഔട്ലെറ്റിനുള്ളിൽ ഉണ്ണിയേശുവും മാതാപിതാക്കളും ആട്ടിടയൻമാരും ഉണ്ണിയേശുവിനെ കാണാൻ എത്തിയ രാജാക്കന്മാരുമൊക്കെ നിറഞ്ഞ പുൽക്കൂട് സ്ഥാനം പിടിച്ചിരുന്നു. ആഘോഷദിനങ്ങളോടനുബന്ധിച്ച് സ്ഥാപനം അലങ്കരിക്കണമെന്ന കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ നിർദ്ദേശപ്രകാരമാണ് ഈ കാഴ്ചകൾ രൂപമെടുത്തതെന്ന് ഔട്ട് ലെറ്റ് അധികൃതർ പറഞ്ഞു. ഔട്ട്ലെറ്റിൽ എത്തിയ ഉപഭോക്താക്കൾക്ക് മനസ്സു നിറയുന്ന കാഴ്ചയായിരുന്നു ഇത്. പലരും ആ കാഴ്ചകൾക്കും സംഗീതത്തിനുമൊപ്പം ചുവടുവെക്കാനും കൂടി ആരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റ് ലഹരിയുടെ ഉത്സവക്കാഴ്ചയായി.