'അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്' സൈബർ സേനയെ തള്ളിപ്പറഞ്ഞ ജയരാജന്, പോരാളി ഷാജിയുടെ മറുപടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായതിന് കാരണം ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മറുപടിയുമായി ഇടതു സൈബർ സേനയിലെ പ്രധാന ഗ്രൂപ്പായ പോരാളി ഷാജി. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടുവെന്ന ജയരാജന്റെ പ്രസ്താവനയോട്, അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത് എന്ന തലക്കെട്ടിലാണ് പോരാളി ഷാജി മറുപടി പറയുന്നത്.
ഇത്രയും വലിയ തോൽവിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്പോൾ ഭരണ തുടർച്ചയുടെ ഓബ്രോ വിളികളിൽ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേർ. ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയതെന്നും പോരാളി ഷാജി പരിഹസിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്ന് ജയരാജനോട് കുറുപ്പിൽ ആവശ്യപ്പെടുന്നു. ബംഗാളിലെ ഭരണ തുടർച്ച ആസ്വദിച്ച് മണിമാളികളിൽ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റിൽ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കൾ പഴയ സഖാക്കൾക്ക് ഒന്ന് മൊഴിമാറ്റം നടത്തി നൽകണം. പഴയ കൺസൾട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലതാണ്. തോൽവിയുടെ കാരണങ്ങളെക്കുറിച്ചും കുറിപ്പിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
അത് ഇപ്രകാരമാണ്: 6 മാസം പെൻഷൻ മുടങ്ങി അത് കൊടുക്കാനായില്ല. പെൻഷൻ നൽകാൻ ഇന്ധന വിലയിൽ ഏർപെടുത്തിയ സെസ് എവിടെ? പെൻഷൻ ജനങ്ങളുടെ അവകാശമാണെന്ന് തുടർ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയിൽ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതായോ?. വില കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോയിൽ സാധനങ്ങൾ ഉണ്ടോ? ഇല്ല. ആരെങ്കിലും വില കുറച്ചു നൽകാൻ ഉണ്ടെങ്കിലെ വില കുറയു എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വിട്ടു. പെൻഷൻ വാങ്ങുന്നവനും സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്സ് എന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് മനസിലായില്ല? ഉത്തരം പറയണം.
ഭരണം ലഭിച്ചത് മുതൽ ഘട്ടം ഘട്ടമായി ഉയർത്തേണ്ട കെട്ടിട പെർമ്മിറ്റ് ഫീസ് കുത്തനെ കൂട്ടി സാധാരണക്കാരുടെ വീട് പണി പോലും തടസപ്പെടുത്തി. അത് വഴി നിർമാണ മേഖല തകർന്ന് നിർമാണ തൊഴിലാളികൾക്ക് പണിയില്ലാതായി. ആരാണ് അതിന് ഉത്തരവാദി? നിർമാണ മേഖല തകർന്നാൽ എല്ലാം തകരും. പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ട എസ്എഫ്ഐക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് 60 ദിവസം സമരം നടത്തിയപ്പോൾ പതിനായിരക്കണിന് യുവാക്കളാണ് പിന്തുണ അറിയിച്ച് എത്തിയത്. ആ സമരത്തോട് സിപിഐഎം സ്വീകരിച്ച സമീപനം എന്താണ്? അവരെ ചർച്ചയ്ക്ക് ക്ഷണിച്ച് പരിഹസിച്ചു വിടുകയാണ് സർക്കാർ പ്രതിനിധികൾ ചെയ്തത്. ഡിവൈഎഫ്ഐ നേതാവ് വസീഫ് അവരോട് പറഞ്ഞത് എന്താണ്? ഒഴിവ് ഉണ്ടായിട്ടും 11,000 വിദ്യാർഥികളിൽ കുറച്ചു പേർക്കെങ്കിലും നിയമനം നൽകി ആ പ്രശ്നം തീർക്കാമായിരുന്നു. എന്നിട്ട് തീർത്തോ? കേവലം ഒരു വർഷം കാലാവധിയുള്ള റാങ്ക് ലിറ്റ് വൈകി പ്രസിദ്ധീകരിക്കുകയും, മികച്ച മാർക്കുള്ള വിദ്യാർഥികളെ വർഷങ്ങൾ ആശ നൽകി പറ്റിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നിട്ട് ഞങ്ങളാണ് ഏറ്റവും കൂടുതൽ നിയമനം നടത്തിയതെന്ന ക്യാപ്സ്യൂളുമായി ദേശാഭിമാനിൽ രണ്ട് കോളം വാർത്ത നൽകിയാലൊന്നും യുവാക്കാൾ വോട്ട് തരില്ല എന്ന് മനസിലാക്കാൻ ആയില്ലേ?
നവകേരള സദസിൻ്റെ ഘട്ടത്തിലുണ്ടായ പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട ഡിവൈഎഫ്ഐയെ രക്ഷാപ്രവർത്തകരാക്കി അവതരിപ്പിച്ചതും ജനങ്ങൾക്ക് ദഹിക്കുന്നതായിരുന്നില്ല. സെക്യൂരിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങി തല്ലിയതും സർക്കാരിനെതിരേയുള്ള ജനവികാരമായി മാറുമെന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് മനസിലാക്കാൻ ആയില്ലേ സിപിഐഎം ബുദ്ധി ജീവികളെ?. ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖർക്ക് ഫൈവ് സ്റ്റാർ ഭക്ഷണവും നൽകി, ബെൻസ് ബസിൽ ജനത്തെ പുച്ഛിച്ച് അവരെ കാണാതെ മന്ത്രിമാർ നടത്തിയ 'നവകേരള യാത്ര' തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആൾക്കും മനസിലാക്കാം. എന്ത് കൊണ്ട് നിങ്ങൾക്ക് അത് മനസ്സിലാക്കാൻ ആയില്ല? ഇത്ര ബുദ്ധി ശൂന്യർ ആണോ സിപിഎമ്മിൽ?. സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷൻ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളിൽ നിന്നും ജനത്തിൽ നിന്നും ഫണ്ട് പിരിക്കാൻ ലോക്കൽ നേതാക്കൾ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികൾ ഇനിയെങ്കിലും നിർത്തണം. നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാരണ മനുഷ്യർ എന്തിന് പിരിവ് നൽകണം?
പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കളുടെ മസിലുപിടുത്തം, ധാർഷ്ട്യം, പ്രത്യേക യേക്ഷൻ ഒന്നും ജനത്തിന് ഇഷ്ടമല്ല. ജനത്തെ മൈന്റ് ചെയ്താൽ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കൾ ഓർക്കണം. ജനങ്ങളുമായി ഇടപെടാൻ മടിയും മിണ്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് ഒഴിവാക്കണം. ഇവരുടെ ഇത്തരം സമീപനങ്ങൾ പാർട്ടിയിൽ നിന്ന് ജനത്തെ അകറ്റും. ജനത്തിനും അണികൾക്കും ഇഷ്ടമുള്ള നേതാക്കളെ ഗ്രൂപ്പിസം കളിച്ച് നാട് കടത്തുന്ന രീതി ഇനിയെങ്കിലും നിർത്തണം. അതിന്റെ ആഘാതം എത്ര വലുതായിരിക്കുമെന്ന് പാർട്ടി കോട്ടകൾ പോലും തെളിയിച്ചു. കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിൽ ക്രമക്കേടുകൾ നടത്തിയത് വഴി ജനങ്ങളുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കി. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിച്ചു. സംസ്ഥാനത്ത് സംരംഭങ്ങൾ കൊണ്ട് വരുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാൽ സംരംഭകർ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും.
കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാൻ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാര തകർച്ച ഉണ്ടായി. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പരീക്ഷകളിൽ സർക്കാർ സ്കുളിൽ പഠിക്കുന്ന എത്ര വിദ്യാർത്ഥികൾ വിജയിക്കുന്നുണ്ട്..? കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു വിദ്യാർഥിക്ക് തെറ്റ് കൂടാതെ രണ്ട് പാരഗ്രാഫ് ഇംഗ്ലീഷിൽ എഴുതാനാറിയാമോ..? പ്രസംഗിക്കാൻ അറിയാമോ?. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി പോലും കേരളത്തിൽ കിട്ടാനില്ല. കർണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികൾക്ക്. അതിനൊരു മാറ്റമുണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചോ?. ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ഇടത് ഉണ്ടെങ്കിലെ ഇന്ത്യയൊള്ളു എന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല. അതോടൊപ്പം കേരളത്തിലെ 80 ശതമാനം ജനങ്ങളും കൈരളിയും ദേശാഭിമാനിയുമല്ല കാണുന്നതെന്നും നേതാക്കൾ തിരിച്ചറിയണം. ഞങ്ങള് ആരുടേയും പൈസ വാങ്ങിയിട്ടുമില്ല വാങ്ങുകയുമില്ല. പൈസ വാങ്ങി കുനിഞ്ഞ് നിൽക്കാൻ ഞങ്ങൾക്ക് ബിനാമി ബിസിനസുമില്ലെന്നേ എന്ന ഓർമപ്പെടുത്തലോടെയാണ് കുറിപ്പ് അവാസാനിപ്പിക്കുന്നത്.