'വയനാടിനെ ചേർത്തുപിടിച്ച് യൂത്ത് കെയർ'; 30 വീടുകൾ വെച്ചുനൽകും; കുട്ടികളുടെ പഠനം ഏറ്റെടുക്കും
വയനാട്:മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ഉറ്റവരെയും ഉടയവരെയും എല്ലാം നഷ്ടപ്പെട്ട ദുരന്തത്തിന്റെ അവശേഷിക്കപ്പെടുന്ന ബാക്കി പത്രങ്ങളായവർക്ക് തണലും ആകുകയാണ് യൂത്ത്കോൺഗ്രസിന്റെ യൂത്ത്കെയർ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർവ്വ സജ്ജമാണ്. ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂത്ത്കോൺഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഉരുൾപൊട്ടൽ സംഭവിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും യൂത്ത്കെയർ വോളണ്ടിയർമാർ പ്രദേശത്ത് അപകടത്തിൽ പെട്ടവരെ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമങ്ങളിലാണ്. ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടവർ തുടരുന്ന ദുരിതാശ്വാസക്യാമ്പുകളിലും ആശുപത്രികളിലും യൂത്ത്കോൺഗ്രസിന്റെ സാന്നിധ്യം പ്രതിസന്ധികളിൽ അവർക്ക് കരുത്താകുന്നു. പ്രാദേശത്ത് വീടുകൾ നഷ്ടപ്പെട്ടവർക്ക് 30 വീടുകൾ വെച്ചുനൽകും. ദുരന്തമുഖത്ത് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെയുള്ള യൂത്ത്കോൺഗ്രസിന്റെ സംഘടനാ സംവിധാനം വയനാട് ജനതയ്ക്കായി കൈകോർത്തിരിക്കുകയാണ്. 137 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള അവശ്യവസ്തുക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ശേഖരിച്ച ശേഷം പ്രധാനപ്പെട്ട ശേഖരണ കേന്ദ്രങ്ങളായ നിലമ്പൂരിലേക്കും മേപ്പാടിയിലേക്കും ഘട്ടം ഘട്ടമായി എത്തുന്നുണ്ട്. ആവശ്യം അനുസരിച്ച് ഇനിയും വേണ്ടത്ര വസ്തുക്കൾ എത്തിക്കുന്നതിനുള്ള ഇടപെടലുകളും യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തുന്നുണ്ട്.
വിവിധ ആശുപത്രികളിൽ വേണ്ടത്ര രക്തവും യൂത്ത്കോൺഗ്രസ് പ്രവർത്തകർ സജ്ജമാക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വയനാട്ടിൽ തന്നെ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനിടെ, ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം യൂത്ത്കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പഠന വസ്തുക്കളുടെ ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് രണ്ട് തവണ പ്രളയം ഉണ്ടായപ്പോഴും പിന്നീട് കോവിഡ് കാലത്തും യൂത്‌ത്‌കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
'വയനാടിനെ ചേർത്തുപിടിച്ച് യൂത്ത് കെയർ'; 30 വീടുകൾ വെച്ചുനൽകും; കുട്ടികളുടെ പഠനം ഏറ്റെടുക്കും