Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുജിത് ദാസ് ഐപിഎസിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

10:27 AM Sep 02, 2024 IST | Online Desk
Advertisement

മലപ്പുറം: സുജിത് ദാസ് ഐപിഎസിനെതിരെ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. സുജിത് ദാസ് മലപ്പുറം എസ് പി ആയ കാലഘട്ടത്തിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. എസ്പിയുടെ ക്യാമ്പിലെ മരം മുറി വിവാദത്തിലും അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലുണ്ട്.

Advertisement

അതേസമയം വിവാദങ്ങള്‍ക്കിടെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. എംഎല്‍എ പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കുന്നത്. എഡിജിപിയെ കാണാന്‍ എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.

മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു.

ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഉടന്‍ തീരുമാനമെടുക്കും. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് ആലോചന. മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമര്‍ശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍.

തനിക്കെതിരായ ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് എഡിജിപി പരാതി നല്‍കുക. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അജിത്കുമാര്‍ ആവശ്യപ്പെടും. എസ്പി സുജിത് ദാസിനെതിരെയും നടപടി ആവശ്യപ്പെടാനാണ് തീരുമാനം.

Advertisement
Next Article