യൂത്ത് കോൺഗ്രസ് നേതാവിനെ ഗുണ്ടാ നിയമത്തിൽ പെടുത്താൻ നീക്കം
കോഴിക്കോട്: സംഘടന ആഹ്വാനം ചെയ്ത സമരങ്ങളുടെ പേരിൽ
യൂത്ത് കോൺഗ്രസ് നേതാവിനെ ഗുണ്ടാനിയമത്തിൽ പെടുത്താൻ പൊലീസ് ശ്രമം. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി അസീസിനെയാണ് കേരള പോലീസ് ഗുണ്ടാനിയമത്തിൽ പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് സബ് കലക്ടറുടെ മുന്നിൽ ഹാജരാകുവാൻ കുന്ദമംഗലം പൊലീസ് അസീസിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നീക്കം രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി. ടി നിഹാൽ വ്യക്തമാക്കി.
നോട്ടീസിന് നിയമസാധുതയില്ലാത്തതാണ്. യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ആളാണ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റ്. അസീസിന് പൊലീസ് നൽകിയ നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത് മൂന്ന് കേസുകളാണ്. അതിൽ ഒന്ന് 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ്. ആ കേസിൽ അസീസ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഫൈനടച്ച് കേസ് അവസാനിപ്പിച്ചതാണ്. മറ്റു രണ്ടു കേസുകളിൽ ഒന്ന് നവ കേരള യാത്രയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസാണ്. മറ്റൊന്ന് അസീസിന്റെ പ്രദേശമായ മാവൂർ തെങ്ങിലക്കടവിൽ വില്ലേരിത്താഴം റോഡ് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ടതാണ്.
പിണറായി വിജയന്റെ നവ കേരള യാത്രയിൽ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഹെൽമെറ്റ് അക്രമണത്തിന് വിധേയനായ ആളാണ് അസീസ്. അസീസിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പൊലീസ് അസീസിനെതിരെ കരിനിയമം ചുമത്താൻ ശ്രമിക്കുന്ന നടപടി നിയമപരമായി നേരിടുമെന്നും വി.ടി നിഹാൽ പറഞ്ഞു.