Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ തലസ്ഥാനം സംഘര്‍ഷ ഭരിതം: പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരന്‍

04:31 PM Sep 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും എം ലിജുവുമുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement

അബിന്‍ വര്‍ക്കിയെ തല്ലിയ കന്റോണ്‍മെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടതിനാലാണ് അബിന്‍ വര്‍ക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ഈ പൊലീസുകാരന് ഡിവൈഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷത്തിന് അയവു വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവില്‍ സ്ഥലത്തുനിന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ മറ്റു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നു. 'ശശിസേന'യിലെ എമ്പോക്കികള്‍ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണ്. ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎല്‍എ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാല്‍ ദേശീയ സംസ്ഥാന അന്വേഷണ എജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം, ഹര്‍ജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി ഹൈക്കോടതി തളളിയത്

Advertisement
Next Article