മോദിയും കൂട്ടരും രാജ്യത്തെ വിഭജിക്കുന്നു; കെ സി വേണുഗോപാൽ
- യൂത്ത്കോൺഗ്രസ് ഭാരവാഹികൾ ചുതലയേറ്റു
കൊച്ചി: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാറും വിഭജന രാഷ്ട്രീയമാണ് നടത്തുന്നതെന്നും ഇന്ത്യയെ വിഘടന വാദികളിൽ നിന്നും വീണ്ടെടുക്കുവാനുള്ള പോരാട്ടത്തിന് യൂത്ത്കോൺഗ്രസ് ചാലകശക്തിയായി മാറണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനാധിപത്യത്തെ പാടെ തകർത്തുകൊണ്ടാണ് സംഘപരിവാർ ഭരണകൂടം മുന്നോട്ടുപോകുന്നത്. അതേ ശൈലി തന്നെയാണ് സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരും പിന്തുടരുന്നത്. രണ്ട് ഫാസിസ്റ്റ് സർക്കാരുകൾക്കുമെതിരെ യുവജനങ്ങളുടെ ഉറച്ച ശബ്ദമായി യൂത്ത്കോൺഗ്രസ് മുന്നേറണം. യൂത്ത്കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് രീതി ജനാധിപത്യ പരമായിരുന്നുവെന്നും മറ്റൊരു സംഘടനയ്ക്കും ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തുവാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന തെരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, എംഎൽഎമാരായ പി സി വിഷ്ണു നാഥ്, അൻവർ സാദത്ത്, റോജി എം ജോൺ, എം വിൻസെന്റ്, മാത്യു കുഴൽനാടൻ, എ പി അനിൽ കുമാർ, ടി സിദ്ധിക്ക്, ചാണ്ടി ഉമ്മൻ, ഉമ തോമസ്, നേതാക്കളായ കെ പി ധനപാലൻ, കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, എം ലിജു, അബ്ദുൽ മൂത്തലിബ്, ജയ്സൺ ജോസഫ്, പുഷ്പലത, കെ എസ് ശബരിനാഥൻ, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നിയുക്ത പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മിനുട്സ് കൈമാറി. നിയുക്ത യൂത്ത്കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, അരിത ബാബു, പി എസ് അനുതാജ്, വൈശാഖ് എസ്.ദർശൻ, വിഷ്ണു സുനിൽ പന്തളം, വി.കെ.ഷിബിന, ഒ.ജെ.ജനീഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.