പ്രതി പി പി ദിവ്യക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ പ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് കണ്ണൂരിലടക്കം ഉയര്‍ന്നിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും കണ്ടത്.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. എ ഡി എമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ലെന്നും കോടതി ചൂണ്ടികാട്ടി. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു.