Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൂടുതൽ കരുത്തോടെ യൂത്ത്കോൺഗ്രസ്: ഇന്ന് സ്ഥാപക ദിനം

07:55 AM Aug 09, 2024 IST | Veekshanam
Advertisement

ഇന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജനവിഭാഗമായ യൂത്ത് കോൺഗ്രസ് സ്ഥാപിതമായിട്ട് ഇന്നേക്ക് 64 വർഷം പിന്നിടുന്നു. ബംഗാൾ വിഭജനകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ യുവാക്കളും പ്രതിഷേധിച്ചപ്പോൾ മുതലാണ് കോൺഗ്രസ് യുവജനസംഘടന എന്ന ആശയത്തിന് തുടക്കമാകുന്നത്. അക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രാജ്യത്ത് ഒരു രാഷ്ട്രീയ സംഘടന ഇല്ലാതിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളും യുവാക്കളും ധാരാളമായി എത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസിന് ആരംഭം കുറിക്കുന്നത്. 1950 കാലയളവിൽ രാജ്യത്തുടനീളം കോൺഗ്രസ് യുവജന ഗ്രൂപ്പുകൾ സംഘടിപ്പിക്കപ്പെട്ടു. 1950 കളിലും 1960 കളിലും നടന്ന പ്രധാന സമ്മേളനങ്ങൾ യൂത്ത് കോൺഗ്രസിന്‍റെ ഘടന രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.1949 നും 1962 നും ഇടയിൽ യൂത്ത് കോൺഗ്രസ് പ്രധാനമായും സഹകരണ പ്രസ്ഥാനം, ബഹുജന സാക്ഷരതാ പ്രചാരണം, അയിത്തത്തിനെതിരായ പോരാട്ടം, പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ വ്യാപനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1965 മുതലാണ് യൂത്ത് കോൺഗ്രസ് രാഷ്ട്രീയമായി ശക്തിപ്പെടുന്നത്. 1971 ലായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്‍റെ ഇൻഡോർ സെഷനിൽ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പ്രിയരഞ്ജൻ ദാസ് മുൻഷി ആദ്യത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നിങ്ങോട്ട് കഴിവുറ്റതും ശക്തരായ നേതൃനിരയാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസിനുണ്ടായിട്ടുള്ളത്.

Advertisement

രാജ്യം കണ്ട മികച്ച ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയിലൂടെയാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് വളര്‍ന്നു വന്നത്. രാജീവ് ഗാന്ധി തുടക്കമിട്ട രാജ്യത്തെ ടെലികമ്യൂണിക്കേഷൻ വിപ്ലവവും തുടർന്നു ഐടി മേഖലയുടെ വികസനവും രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകി. രാജ്യത്ത് അങ്ങോളമിങ്ങോളമായി യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തേകുന്നത് രാജ്യത്തെ യുവജനങ്ങളാണ്. രാജ്യത്ത് സമൂഹസേവനത്തിന്‍റെ ഉദാത്ത മാതൃകകളും രാഷ്ട്രീയ വിഷയങ്ങളിൽ നടത്തുന്ന ശക്തമായ ഇടപെടലുകളും സമൂഹതിന്മക്കെതിരായി നടത്തുന്ന പോരാട്ടങ്ങളും യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ യുവജനസംഘടനയാക്കി മാറ്റി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉയർത്തിപ്പിടിച്ച കാലഘട്ട പ്രസക്തിയുള്ള മുദ്രാവാക്യങ്ങൾ ഇന്നും ആവേശം കൊള്ളിക്കുന്നതാണ്.ഇന്ന് ബി.വി ശ്രീനിവാസ് അടക്കമുള്ള ശക്തമായ നേതൃത്വത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ യുവജന പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറിയിരിക്കുന്നു. കൊവിഡ് മഹാമാരിയിൽ രാജ്യം വലഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി മാറിയിരുന്നു. വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോഴും ആദ്യം ഓടിയെത്തിയതും ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ഇപ്പോഴും ഏകോപിപ്പിക്കുന്നതും യൂത്ത് കോൺഗ്രസ് തന്നെ. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും ഉജ്വല സമരപോരാട്ടങ്ങളിലൂടെയും യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുകയാണ്.

Tags :
featuredkerala
Advertisement
Next Article