ബംഗ്ലാദേശ് കൈമാറാന്‍ ആവശ്യപ്പെടുന്നത് വരെ ശൈഖ് ഹസീന നിശബ്ദത പാലിക്കണമെന്ന് യൂനുസ്
ധാക്ക: മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ 'സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്' ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശ് അവരെ കൈമാറാന്‍ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം ഉണ്ടാകുന്നത് തടയാന്‍ അവര്‍ നിര്‍ബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് പറഞ്ഞു.
'അവരിപ്പോള്‍ ഇന്ത്യയിലുണ്ട്. ചില സമയങ്ങളില്‍ അവര്‍ സംസാരിക്കുന്നു. അത് പ്രശ്നകരമാണ്. അവര്‍ മിണ്ടാതിരുന്നാല്‍ ഞങ്ങളത് മറക്കുമായിരുന്നു. അവര്‍ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങള്‍ അത് മറക്കുമായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇരുന്നു സംസാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതാര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. ബംഗ്ലാദേശ് സര്‍ക്കാര്‍ അവരെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സമയംവരെ ഇന്ത്യ അവരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ നിശബ്ദത പാലിക്കണം -അദ്ദേഹം പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ യൂനുസ് ധാക്കയിലെ തന്റെ ഔദ്യോഗിക വസതിയില്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണിങ്ങനെ പ്രതികരിച്ചത്.
ആഗസ്റ്റ് 13ന് ഹസീന തനിക്ക് 'നീതി' ആവശ്യപ്പെട്ട് നടത്തിയ പ്രസ്താവനയെയാണ് യൂനുസ് പരാമര്‍ശിച്ചത്. 'അടുത്തിടെയുണ്ടായ ഭീകരപ്രവര്‍ത്തനങ്ങള്‍, കൊലപാതകങ്ങള്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന്' അന്നവര്‍ പറഞ്ഞിരുന്നു. ഇത് നമുക്കോ ഇന്ത്യക്കോ നല്ലതല്ല. അതില്‍ അസ്വസ്ഥതയുണ്ടെന്നായിരുന്നു ഇതിനോടുള്ള യൂനുസിന്റെ പ്രതികരണം. ബംഗ്ലാദേശ് തങ്ങളുടെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവര്‍ മൗനം പാലിക്കണമെന്ന് വാക്കാലുള്ളതും ഉറച്ചതുമായ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് യൂനുസ് പറഞ്ഞു. ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് വിലകല്‍പ്പിക്കുന്നുവെന്നും 'അവാമി ലീഗ് ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇസ്‌ലാമിസ്റ്റുകളാണെന്നും ശൈഖ് ഹസീന ഇല്ലാതെ രാജ്യം അഫ്ഗാനിസ്ഥാനായി മാറുമെന്നും' ചിത്രീകരിക്കുന്ന ആഖ്യാനത്തിനപ്പുറത്തേക്ക് ഇന്ത്യ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെത്തുടര്‍ന്ന് ആഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതിക്രമങ്ങള്‍ക്കെതിരെ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നീതിക്കായി ഹസീനയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നും യൂനുസ് പറഞ്ഞു. 'അവരെ തിരികെ കൊണ്ടുവരണം. അല്ലെങ്കില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് സമാധാനമുണ്ടാകില്ല. അവര്‍ ചെയ്ത ക്രൂരതകള്‍ക്ക് ഇവിടെയുള്ള എല്ലാവരുടെയും മുന്നില്‍ വിചാരണ ചെയ്യപ്പെടണം -അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള ആഗ്രഹം യൂനുസ് പ്രകടിപ്പിച്ചു. എന്നാല്‍, ഹസീനയുടെ നേതൃത്വം മാത്രമേ രാജ്യത്തിന്റെസ്ഥിരത ഉറപ്പാക്കൂ എന്ന ആഖ്യാനം ഇന്ത്യ ഉപേക്ഷിക്കണം. രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ത്തുന്നത് ഒരു ഒഴികഴിവ് മാത്രമാണെന്ന് യൂനുസ് പറഞ്ഞു. 'ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ ഇത്ര വലിയ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരു ഒഴികഴിവ് മാത്രമാണ്' -അദ്ദേഹം വ്യക്തമാക്കി.