പാര്‍ട്ടിക്ക് മുകളിലേയ്ക്ക് വരരുതെന്ന് യുവമോര്‍ച്ച നേതാവ്: 'ക്ലാസെടുക്കാതെ പോയെടോ' എന്ന് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി സംഘടനയുടെ തീര്‍പ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നല്‍ നല്ലതല്ലെന്ന് ചാനല്‍ചര്‍ച്ചകളിലെ സംഘ്പരിവാര്‍ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരോട് യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ വിഷ്ണുനാരായണന്‍. 'ആക്രി നിരീക്ഷകനായ കള്ളപ്പണിക്കര്‍' എന്ന് ശ്രീജിത്തിനെ സുരേന്ദ്രന്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് 'ഗണപതിവട്ടജി' എന്ന് സുരേന്ദ്രനെ ശ്രീജിത്ത് പരിഹസിച്ചിരുന്നു.
ഫേസ്ബുക്കില്‍ പണിക്കര്‍ എഴുതിയ കുറിപ്പിന് കീഴിലാണ് 'പാര്‍ട്ടിക്ക് മുകളിലേക്ക് വരരുത്' എന്ന് വിഷ്ണു കമന്റ് ചെയ്തത്. ഓണ്‍ലൈന്‍ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി…… സംഘടനയുടെ തീര്‍പ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നലൊക്കെ നല്ലതല്ല എന്നും കമന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, 'പാര്‍ട്ടിക്ക് മുകളില്‍ വളരരുതെന്ന് പോയി പാര്‍ട്ടിക്കാരോട് ഉപദേശിക്ക്. എനിക്ക് എന്ത് പാര്‍ട്ടി. ക്ലാസെടുക്കാതെ പോയെടോ' എന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി.
പല വിഷയത്തിലും വളരെയേറെ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്, പൊതുവെ മാന്യനെന്ന മുഖമൂടിയുള്ളവര്‍ക്ക് കുത്തിത്തിരിപ്പും അനാവശ്യങ്ങളും പടച്ചുവിട്ട് പ്രചരിപ്പിക്കാന്‍ കഴിവേറെയാണ്. എന്ന് കരുതി എന്തുമായിക്കളയാം എന്ന ധാരണയൊക്കെ മോശമാണ് കേട്ടോ. സുരേഷ്ഗോപി എന്നല്ല പഞ്ചായത്ത് തലത്തില്‍ പോലുമൊരു വിജയമുണ്ടായാല്‍ അത് പാര്‍ട്ടിയുടെ ഉത്തരവാദിത്വപെട്ടവരുടെ വിജയമാണ്. തോല്‍ക്കുമ്പോള്‍ അത് മുഴുവന്‍ സംസ്ഥാന അധ്യക്ഷന്റെ കുറവും വിജയിക്കുമ്പോള്‍ അത് വ്യക്തിപരവും അധ്വാനവും എന്നത് എന്ത് മര്യാദയാണ് സാറേ? പിന്നെ ഗണപതിവട്ടം ! രാമക്ഷേത്രം പോലെത്തന്നെയാണ് ഞങ്ങള്‍ക്ക് കേരളത്തിലെ ചരിത്രവും. പാര്‍ട്ടിക്കുള്ളില്‍ ഇല്ലാത്ത വിള്ളലുകള്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത് നിങ്ങളെപോലെയുള്ള നീലകുറുക്കന്മാരാണ് ഇന്ന് നിങ്ങള്‍ക്ക് വേണ്ടി കയ്യടിക്കുന്നവര്‍ ഒരു നാളിതൊക്കെ തിരിച്ചറിയും. എന്ന് കരുതി പാര്‍ട്ടിക്ക് മുകളിലേക്ക് വരരുത്' -എന്നായിരുന്നു വിഷ്ണുനാരായണന്‍ കമന്റില്‍ പറഞ്ഞത്.
നാളിത് വരെ ഒരു നിരീക്ഷകന്മാരുടെയും തണലിലല്ല ഈ പാര്‍ട്ടി വളര്‍ന്നത്. ഇനി മുന്‍പോട്ടും അങ്ങനെ തന്നെയാകും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അത് പാര്‍ട്ടിയുടെ പ്രശ്‌നങ്ങളാണ്, പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങള്‍ക്കാവശ്യമില്ല -വിഷ്ണു കുറിപ്പില്‍ വ്യക്തമാക്കി