Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇ.പിയുടെ ആത്മകഥ: പുറത്തുവന്നത്, പിണറായി സര്‍ക്കാരിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള അഭിപ്രായം; പ്രതിപക്ഷ നേതാവ്

04:49 PM Nov 13, 2024 IST | Online Desk
Advertisement

പാലക്കാട്‌ : രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സി.പി.എമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ ഈ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു .

Advertisement

പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കണ്ടതാണ്. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.എമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി ജയരാജന്‍ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ ആളെ പാലക്കാട് മാത്രമല്ല, ചേലക്കരയിലെ വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇരുണ്ട് വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുകയാണ്. സി.പി.എമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇ.പി ജയരാജനും സി.പി.എമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. ജയരാജന്‍ നേരത്തെയും ഇങ്ങനെയൊക്കെ പറയുന്ന ആളാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജാവദേദ്ക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബി.ജെ.പി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ഞാന്‍ ആരോപിച്ചപ്പോഴും രണ്ടു പേരും നിഷേധിച്ചു. അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തല്‍ക്കാലത്തേക്ക് പാര്‍ട്ടി നിഷേധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹം പറയും. ഡി.സി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാന്‍ സാധിക്കുമോ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. ഇ.പി ജയരാജന്റെ അനുമതി ഇല്ലാതെ കവര്‍ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നല്‍കാന്‍ ഡി.സി ബുക്‌സിന് സാധിക്കുമോ. ആത്മകഥ പുറത്തു പോയത് എങ്ങനെയാണെന്ന് ഇ.പി ജയരാജനാണ് അന്വേഷിക്കേണ്ടത്. ഇ.പിയുടെ പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം ഇ.പി അന്വേഷിച്ചാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. അതില്‍ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി

പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്. സി.പി.എമ്മിന് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ച് പോയ ആള്‍ക്ക് സീറ്റ് നല്‍കിയതിലൂടെ അവര്‍ തന്നെ തല്ലിക്കെടുത്തി. അവരുടേതായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി വരാമായിരുന്ന സാധ്യത സി.പി.എം തന്നെയാണ് നശിപ്പിച്ചത്. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടുന്ന ആള്‍ എന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. അതിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് ഈ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനില്ല. പുസ്തകം പബ്ലഷ് ചെയ്യരുതെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നു. ഇ.പി ജയരാജനും സി.പി.എമ്മിനും ഇരുപതാം തീയതി വരെ കള്ളം പറഞ്ഞേ പറ്റൂ. പണ്ട് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അന്നാണ് പ്രകാശ് ജാവദേദ്ക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പക്ഷെ ജാവദേദ്ക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറെ പിണറായി വിജയനും ഇ.പി ജയരാജനും അഞ്ചാറ് തവണ കണ്ടത് എന്തിനു വേണ്ടിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ജാവദേദ്ക്കറെ കണ്ടതിന്റെ പേരില്‍ തന്നെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ജയരാജന് സങ്കടമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ സി.പി.എം നേതാക്കള്‍ക്കിടയിലും അണികളിലും വികാരമുണ്ട്. ഞങ്ങള്‍ക്ക് സി.പി.എമ്മില്‍ നിന്നും വോട്ട് ലഭിക്കും. പാര്‍ട്ടി നന്നായാല്‍ മാത്രമെ ഇനി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂ എന്ന് പറയുന്ന നല്ല സഖാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ പത്ത് ദിവസം ഡി.സി.സിയുടെ കത്തുമായി നടന്ന മാധ്യമങ്ങള്‍ ഇനിയുള്ള അഞ്ച് ദിവസമെങ്കിലും ഈ ബുക്കുമായി നടക്കണം. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു പേജുള്ള കത്തില്‍ നിന്നും തുടങ്ങിയ തിരഞ്ഞെടുപ്പ് 180 പേജുള്ള പുസ്തകത്തില്‍ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസിലാണ് കുഴപ്പമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ലെന്ന് എല്ലാവര്‍ക്കും മനസിലായി. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകം. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും. പക്ഷെ തിരഞ്ഞെടുപ്പ് രംഗത്തെ ഒരു യുദ്ധത്തിന് പോകുമ്പോള്‍ എല്ലാവരും ഒരു ടീം ആയി നില്‍ക്കും. ഇപ്പോള്‍ ബി.ജെ.പിയിലും സി.പി.എമ്മിലും കലാപം നടക്കുകയാണ്. പരസ്പരമുള്ള ചെളി വാരി എറിയലാണ് സി.പി.എമ്മില്‍ നടക്കുന്നത്. സി.പി.എം നേരിടുന്ന ജീര്‍ണതയുടെ പ്രതിഫലനങ്ങളാണ് പുറത്തു വരുന്നത്. കൊഴിഞ്ഞാംപാറായില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നൂറു പേര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചില്ലേ. ഏതെങ്കിലും കാലത്ത് സി.പി.എമ്മില്‍ ഇങ്ങനെ നടക്കുമോയെന്നും വിഡി സതീശൻ ചോദിച്ചു. കൂടിയാലോചനകള്‍ ഇല്ലാത്തതിന്റെ പ്രതിഷേധമാണ് പുറത്തു വരുന്നത് അദ്ദേഹം പറഞ്ഞു.

Tags :
featuredkeralanews
Advertisement
Next Article