കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളിലുണ്ടായിരുന്ന 68 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലേതു തന്നെയെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ബീഹാറില്‍ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറ്റ്ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളിലുണ്ടായിരുന്ന 68 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലേതുതന്നെയെന്ന് കണ്ടെത്തി.
അറസ്റ്റിലായവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്‌കൂളിന്റെപരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇ.ഒ.യു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്വകാര്യ സ്‌കൂളായ ഒയാസിസിലേയ്ക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനിടെ, നീറ്റ് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി. കുറ്റാരോപിതര്‍ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് വിവരം.
നീറ്റ് യു.ജി പരീക്ഷാക്രമക്കേടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജിയില്‍ ക്രമക്കേടുകള്‍, വഞ്ചന, ആള്‍മാറാട്ടം, ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍.ടി.എ) നോട്ടീസ് അയച്ചിരുന്നു. ജൂലായ് എട്ടിനാണ് ഹര്‍ജി പരിഗണിക്കുന്നത്.