അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബര്‍ ഒമ്പതിന് തീരുമാനിക്കും. കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍, മുന്‍ എം.എല്‍.എ ടി.വി രാജേഷ് എന്നിവഷടക്കം 31 പ്രതികളാണുള്ളത്.
ഒക്ടോബര്‍ 18ന് സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍, മുന്‍ എം.എല്‍.എ ടി.വി രാജേഷ് എന്നിവര്‍ ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ സി.ബി.ഐ പ്രത്യേക കോടതി കേസില്‍ കുറ്റം ചുമത്തിയിരുന്നു. വിചാരണ കൂടാതെ കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി രാജേഷും നല്‍കിയ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു.
കോടതിയില്‍ കുറ്റപത്രം വായിച്ച് കേട്ട എല്ലാ പ്രതികളും കുറ്റം നിഷേധിച്ചതിന് പിന്നാലെ വിചാരണ ആരംഭിക്കാന്‍ കേസ് നവംബര്‍ 20ലേക്ക് മാറ്റി. കൊലപാതകം നടന്ന് 12 വര്‍ഷം കഴിഞ്ഞാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. 33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ജയരാജനും രാജേഷിനുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
2012 ഫെബ്രുവരി 20നാണ് ഷുക്കൂറിനെ പട്ടുവത്തിനടുത്തുവെച്ച് പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം. പട്ടുവത്ത് വെച്ച് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ വാദം.ആക്രമണത്തിന് പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ജയരാജനും രാജേഷും ഉള്‍പ്പെടെ ആറു പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ ആരോപിക്കുന്നു.