കര്‍ഷകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: 'ദില്ലി ചലോ' റാലിയുമായി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷക പ്രക്ഷോഭകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഡല്‍ഹി പൊലീസ്. പ്രത്യേക ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് മേല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു.പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ വെച്ചാണ് പൊലീസ് കര്‍ഷകരെ നേരിട്ടത്. ഇവിടെ വന്‍ സേനാ വിന്യാസം നടത്തിയിരുന്നു. കൂറ്റന്‍ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. റോഡില്‍ ഇരുമ്പാണികള്‍ പതിച്ചും കര്‍ഷകരെ നേരിടാന്‍ പൊലീസ് തയാറെടുപ്പ് നടത്തി. ഇതിനിടയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് വന്‍തോതില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചത്.
കര്‍ഷകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ബി.ജെ.പിക്കാര്‍ നൂഹില്‍ വര്‍ഗീയകലാപമുണ്ടാക്കിയപ്പോള്‍ അവര്‍ക്കെതിരെ പ്രയോഗിക്കാത്ത ഡ്രോണാണ് ഇപ്പോള്‍ അവകാശങ്ങള്‍ക്കായി നിരായുധരായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ പ്രയോഗിക്കുന്നതെന്ന് തൃണമൂല്‍ എം.പി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് കര്‍ഷകരോട് വെറുപ്പാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെയാണ് കര്‍ഷകര്‍ 'ദില്ലി ചലോ' മാര്‍ച്ചിന് തുടക്കം കുറിച്ചത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡില്‍ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ശംഭുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.