കര്‍ഷക മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതകം: പഞ്ചാബില്‍ റെയില്‍ ഗതാഗതം തടയുമെന്ന് കര്‍ഷകര്‍
ഡല്‍ഹി: കര്‍ഷക മാര്‍ച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പഞ്ചാബില്‍ റെയില്‍ ഗതാഗതം തടയുമെന്ന് കര്‍ഷകര്‍. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംബു, ഖനൗരി പ്രദേശങ്ങളില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയാണ് ഹരിയാന പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്. ഏഴ് സ്ഥലങ്ങളിലാണ് ട്രെയിന്‍ തടയുകയെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) അറിയിച്ചു.
ഉച്ച മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ തടയല്‍ വൈകിട്ട് നാലു വരെ തുടരും. സമരം ചെയ്യുന്ന കര്‍ഷകരോടുള്ള ഹരിയാന സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് വ്യാഴാഴ്ച നടത്തുന്ന പ്രതിഷേധമെന്ന് കര്‍ഷകര്‍ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍ പൊളിറ്റിക്കല്‍), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് കാല്‍നടയായും ട്രാക്ടറിലും ചെറു വാഹനങ്ങളിലുമായി ഡല്‍ഹിയിലേക്കെത്തിച്ചേരുന്നത്.
വിളകള്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കുക, എം.എസ് സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക ഉള്‍പ്പെടെയെുള്ള ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.