കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍
ഡല്‍ഹി: താങ്ങുവിലയെന്ന ആവശ്യം അംഗീകരിക്കാതെ കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും അവരെ ജയിലിലടക്കുകയുമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ താങ്ങുവില നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢിലെ അംബികപുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്ത ചെറുകിട വ്യാപാരികളെ തകര്‍ക്കാനുള്ള ആയുധമായി ജി.എസ്.ടിയും നോട്ടുനിരോധനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു. എം.എസ്. സ്വാമിനാഥന് കേന്ദ്ര സര്‍ക്കാര്‍ ഭാരത് രത്‌ന നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എല്ലാ കര്‍ഷകര്‍ക്കും താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 15 കോടി കര്‍ഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കാന്‍ ഈ നടപടി സഹായിക്കുമെന്നും നീതിയുടെ പാതയില്‍ കോണ്‍ഗ്രസിന്റെ ഉറപ്പാണിതെന്നും രാഹുല്‍ പ്രതികരിച്ചു. താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടക്കുകയാണ്. ഡല്‍ഹി വളയാനാണ് കര്‍ഷകരുടെ നീക്കം. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ യുദ്ധസമാനമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.