കൾച്ചറൽ ഫോറങ്ങളും, കൂട്ടായ്മകളും; നിയന്ത്രണങ്ങൾ ആവാം, നിരോധനം പാടില്ല: സെക്രട്ടേറിയറ്റ് അസോസിയേഷൻ
സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളുടെയും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളുടെയും കാര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ആവാമെന്നും എന്നാൽ അതിൻ്റെ പേരിൽ കൂട്ടായ്മകൾക്കും പ്രവർത്തനങ്ങൾക്കും നിരോധനം ആവശ്യമില്ലെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു. വകുപ്പുകൾ കേന്ദ്രീകരിച്ച കൂട്ടായ്മകളും കൾച്ചറൽ ഫോറങ്ങളും പ്രവർത്തിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല. എന്നാൽ വകുപ്പുകൾ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകൾ, വർഷം തിരിച്ച് സർവീസിൽ കയറിയവർ, ഒരേ വർഷം വിരമിക്കുന്നവർ, ഒരേ കാറ്റഗറിയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെയുള്ള കൂട്ടായ്മകൾ നിലവിൽ ധാരാളമാണ്. ഇത്തരം കൂട്ടായ്മകളുടെയും വാട്സാപ്പ് - സമൂഹമാധ്യമ ഗ്രൂപ്പുകളുടെയും പ്രവർത്തനം ചില സന്ദർഭങ്ങളിലെങ്കിലും ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നതായും കാണുന്നുണ്ട്. വിശേഷാവസരങ്ങളൊഴികെ യുള്ള സന്ദർഭങ്ങളിൽ ഇത്തരം വാരാദ്യ കൂട്ടായ്മ, പ്രതിമാസ ഒത്തുചേരൽ, കലാപരിപാടികൾ തുടങ്ങിയവയൊക്കെ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാവണം. അത്തരം സദുദ്ദേശം മുൻനിർത്തയാണ് ,സർക്കാർ തീരുമാനമെങ്കിൽ ആയതിനെ അംഗീകരിക്കും.
അതേ സമയം സർക്കാർ ജീവനക്കാർക്കിടയിൽ ഭരണ സംഘടനകൾക്കെതിരായി ഉയർന്നു വരുന്ന അരാഷ്ട്രീയ കൂട്ടായ്മകളെ നിർമ്മാർജ്ജനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെയാവരുത് സർക്കുലർ നടപ്പാക്കേണ്ടത്. അതെ സമയം പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്ന രീതിയിൽ അംഗീകാരം ലഭിച്ച സർവീസ് സംഘടനകളെയും പോഷക കലാ സാംസ്കാരിക വിഭാഗങ്ങളെയും ലക്ഷ്യം വക്കുന്നതാവരുത് സർക്കുലർ നിർദ്ദേശങ്ങൾ എന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും അഭിപ്രായപ്പെട്ടു.