ജമ്മു കശ്മീരില്‍ 1980കള്‍ മുതലുള്ള മനുഷ്യാകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 1980കള്‍ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ വാദം കേള്‍വേ പ്രത്യേക വിധിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.ഇതിനായി പ്രത്യേകം കമ്മിറ്റിയെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുകയാണ്. കുറഞ്ഞത് 1980കള്‍ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളെങ്കിലും അന്വേഷിക്കണം. ഇതിനായി സര്‍ക്കാരിനോ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കോ മുന്‍കൈയ്യെടുക്കാം. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് നടപടികള്‍ക്ക് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370ന്റെ യഥാര്‍ത്ഥ ലക്ഷ്യം ജമ്മു കശ്മീരിനെ ഘട്ടം ഘട്ടമായി ഇന്ത്യയോട് ചേര്‍ക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം അവരെയും നമ്മുടെ ദേശത്തിന്റെ ഭാഗമാക്കി ഉയര്‍ത്തി കൊണ്ടുവരികയായിരുന്നു ലക്ഷ്യമിട്ടുന്നതെന്നും ജസ്റ്റിസ് വ്യക്തമാക്കി. പിന്‍വാതില്‍ വഴിയുള്ള ഭേദഗതികളില്‍ അദ്ദേഹം ആശങ്കയറിയിക്കുകയും ചെയ്തു.ആര്‍ട്ടിക്കിള്‍ 370ല്‍ ഭേദഗതി വരുത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. അത് കൃത്യമായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പിന്‍വാതില്‍ വഴിയുള്ള ഭേദഗതികള്‍ അനുവദനീയമല്ലെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. സുപ്രീം കോടതി ഇന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ രാഷ്ട്രപതിയുടെ നടപടി അംഗീകരിച്ചിരുന്നു.ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താല്‍ക്കാലികമായിരുന്നുവെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. എത്രയും പെട്ടെന്ന് കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കി, തെരഞ്ഞെടുപ്പ് നടത്താനും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.