ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലേ? ‘കലിപ്പ്’ അത്ര നല്ലതല്ല
കൊച്ചി: മനുഷ്യര്‍ക്ക് ദേഷ്യം വരുക സ്വാഭാവികമാണ്. തീരെ നിസാര കാര്യങ്ങള്‍ക്ക് മുതല്‍ വളരെ വലിയ തോതില്‍ വരെ ദേഷ്യപ്പെടുന്നവരുണ്ട്. എന്നാല്‍ വളരെ ശാന്തരായ ആളുകളുമുണ്ട്. ദേഷ്യം സ്നേഹത്തിന്‍റെ ലക്ഷണമാണെന്നൊക്കെ പറയാന്‍ വരട്ടെ, ചെറിയ നേരത്തേക്കുള്ള ദേഷ്യം പോലും അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍. കൊളംബിയ സര്‍വകലാശാല പ്രസിദ്ധീകരിച്ച അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലിലാണ് ദേഷ്യപ്പെടുന്നതിന്‍റെ ദോഷങ്ങളെപ്പറ്റിയുള്ള പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുറച്ച് നേരത്തേക്കെങ്കിലും ദേഷ്യപ്പെട്ടാല്‍ അത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ദേഷ്യപ്പെടുന്നവരില്‍ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്. മുന്‍പ് ദേഷ്യപ്പെട്ട അവസരങ്ങളെപ്പറ്റി ഓര്‍ക്കുന്നതും ആരോഗ്യത്തിന് ഹാനീകരമാണെന്നും അവരുടെ പഠനം പറയുന്നു.
ദേഷ്യം കൂടാതം ആശങ്ക, വിഷാദം തുടങ്ങിയവയും ഹൃദ്രോഗത്തെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കടുത്ത വികാര വിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ക്കും രോഗങ്ങള്‍ വരാം. ദേഷ്യപ്പെടുമ്പോള്‍ രക്തക്കുഴലുകള്‍ക്ക് വികസിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ഹൃദയത്തിന്‍റെ ആരോഗ്യം അപകടത്തിലാകും.
പഠനത്തിന് തിരഞ്ഞെടുത്ത ചെറുപ്പക്കാരെ ദേഷ്യവും ഉല്‍ക്കണ്ഠയും ഉണ്ടാക്കുന്ന അവസ്ഥകളിലൂടെ കടത്തിവിടുകയായിരുന്നു. അവരില്‍ രക്തചംക്രമണത്തിന് മാറ്റമുണ്ടായതായി കണ്ടെത്തി. പരീക്ഷണ സമയത്ത് യുവാക്കളിലാര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.