നികുതിപരിഷ്‌കരിക്കാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടുമുള്ള നീതി നിഷേധം - ചവറ ജയകുമാര്‍
കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഇന്‍കം ടാക്‌സ് സ്ലാബുകള്‍ പഴയ നിരക്കില്‍ തന്നെ നിലനിര്‍ത്തിയത് ജീവനക്കാരോടും അദ്ധ്യാപകരോടുമുള്ള നീതി നിഷേധമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.ഭാരതത്തില്‍ തൊഴില്‍ എടുക്കുന്ന മധ്യവര്‍ഗ സമൂഹത്തില്‍ നിന്ന് മാത്രമാണ് ആദായനികുതി സര്‍ക്കാരിന് കൃത്യമായി പിരിച്ചെടുക്കാന്‍ സാധിക്കുന്നത്.
അസംഘടിത മേഖലയിലെ ഉയര്‍ന്ന വരുമാനമുള്ള വരെ ആദായ നികുതി ദായകരാക്കാന്‍ ഗവണ്‍മെന്റിന് ഇതേവരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടുന്ന മേഖല വളരെ വലിയ തുകയാണ് ആദായനികുതി ഇനത്തില്‍ നല്‍കുന്നത്. കലാകാലങ്ങളില്‍ ഉണ്ടാകുന്ന വിലക്കയറ്റമോ ഉയര്‍ന്ന ജീവിത ചെലവോ കണക്കിലെടുത്ത് ആദായനികുതിയില്‍ കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.നിശ്ചിത വരുമാനക്കാരായ ജീവനക്കാരെ ആദായനികുതിയുടെ പേരില്‍ പിഴിഞ്ഞെടുക്കുന്ന നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.
കൂടുതല്‍ പേരെ ആദായ നികുതിയിലേക്ക് ആകര്‍ഷിക്കാന്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുന്ന സര്‍ക്കാരുകള്‍ നിലവിലുള്ള സ്ലാബ് പരിഷ്‌കരിച്ച് ജനകീയമാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല.ഇത് സമൂഹത്തില്‍ വന്‍തോതില്‍ ഉള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്.ഭാരതത്തില്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ശതകോടീശ്വരന്മാരുടെ പട്ടിക തന്നെ ഇതിനു തെളിവാണ്.ആദായ നികുതിയിണത്തിലെ വന്‍ ബാധ്യത ജീവനക്കാരെ വീണ്ടും കടയിലേക്ക് ആണ് തള്ളിവിടുന്നത്.പുതിയ ആദായ നികുതി സമ്പ്രദായം നിലവില്‍ വന്നതോടെ ദീര്‍ഘകാല നിക്ഷേപങ്ങളും സമ്പാദ്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന ധനനയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
അന്‍പതിനായിരം രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത്.നികുതി സ്ലാബില്‍ പരിഷ്‌കരണം ഇല്ലാത്തതിനാല്‍ പഴയ രീതിയിലുള്ള ആദായ നികുതി സമ്പ്രദായത്തിലും നേട്ടമില്ല.ശമ്പള പരിഷ്‌കരണം ഉണ്ടായാലും ക്ഷാമബത്ത ലഭിച്ചാലും അതില്‍ വലിയൊരു ശതമാനം നികുതിയായും സെസ്സുകളായും നല്‍കേണ്ടിവരും.കേരളത്തിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പള പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത യും ലഭിക്കാത്ത സാഹചര്യത്തില്‍ ആദായ നികുതി ഇനത്തിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് നിരന്തരം ഇളവുകള്‍ നല്‍കി അവരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.മധ്യവര്‍ഗ്ഗ സമൂഹത്തിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇത്തരം നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.