നെതന്യാഹുവിനെ ചീത്തവിളിച്ച് ജോ ബൈഡന്‍
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാനലായ എന്‍ബിസി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈംസ് ഓഫ് ഇസ്രായേല്‍ അടക്കമുള്ള ഇസ്രായേല്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാതെ യുദ്ധം തുടരുന്നതില്‍ പ്രകോപിതനായാണ് ബൈഡന്‍ തെറി പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സംഭാഷണത്തിലാണ് മോശം പരാമര്‍ശം (സഭ്യേതരമായതിനാല്‍ പ്രസ്തുത വാക്ക് ഇവിടെ നിന്ന് ഒഴിവാക്കുന്നു) ബൈഡന്‍ നടത്തിയത്. ദൃക്‌സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് എന്‍.ബി.സി ചാനല്‍ വ്യക്തമാക്കി.
മറ്റൊരു സംഭാഷണത്തില്‍ നെതന്യാഹുവിനെ 'അയാള്‍' എന്നും ബൈഡന്‍ വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അയാള്‍ അതവഗണിക്കുകയാണെന്നും ബൈഡന്‍ പറയുന്നു.നെതന്യാഹുവിനെക്കുറിച്ച് ബൈഡന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, രണ്ട് നേതാക്കളും തമ്മില്‍ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. ''പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങള്‍ പ്രസിഡന്റ് വ്യക്തമാക്കിയതാണ്. എന്നാല്‍, ഇരുവരും തമ്മില്‍ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങള്‍ നീണ്ട മാന്യമായ ബന്ധമാണുള്ളത്'' -വക്താവ് പറഞ്ഞു.
ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സന്ദര്‍ശിച്ച ബൈഡന്‍ നെതന്യാഹുവിനെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചിരുന്നു. തിരിച്ചടിക്കാനും സുരക്ഷക്കും ഇസ്രായേലിന് എല്ലാ അവകാശവും ഉണ്ടെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. എന്നാല്‍, അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ ഇതിനകം 28,000 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സ്വകാര്യ സംഭാഷണങ്ങളില്‍ നെതന്യാഹുവിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്ന ബൈഡന്‍ ഇസ്രായേലിന് ആയുധം നല്‍കുന്നതടക്കമുള്ള സൈനിക സഹായ നയത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. നെതന്യാഹുവിനെ പരസ്യമായി വിമര്‍ശിക്കുന്നത് തനിക്ക് പ്രതികൂലമാകുമെന്ന് ബൈഡന്‍ഡന്‍ കരുതുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.