ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ മെഡിക്കല്‍ കോളെജ് ഡോക്ടറുടേത്
മലപ്പുറം: കുറ്റിപ്പുറം പാലത്തില്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളെജിലെ ഡോ. ബിജു ജോര്‍ജ്ജിന്റേതാണെന്ന് കണ്ടെത്തി. അപകമുണ്ടായപ്പോള്‍ ഇയാള്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 27ന് പുലര്‍ച്ചെയാണ് യുവാവിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്. ഡോക്ടറുടെ കാറിടിച്ച് ഗുരുതതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് (22) മരിച്ചിരുന്നു. പരുക്കേറ്റയാളെ രക്ഷപ്പെടുത്താതെ ഡോക്ടര്‍ കടന്നു കളയുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് കാര്‍ പൊളിച്ച് വില്‍പ്പന നടത്താനും ശ്രമം നടത്തി. പൊളിച്ചു വില്‍പന നടത്താന്‍ തൃശൂരിലെ കടയിലെത്തിച്ച കാര്‍ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡോ.ബിജു ജോര്‍ജിനെതിരെ കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്. കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ പാലത്തിനുമുകളില്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
ചങ്ങരംകുളത്തെ സിസിടിവിയില്‍ നിന്നാണ് നമ്പര്‍ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍പെട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയില്‍ പൊളിച്ചുവില്‍ക്കാനായി ഏല്‍പിക്കുകയായിരുന്നു. കാര്‍ പൊളിക്കാന്‍ പിന്നീട് തൃശൂര്‍ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്നും, അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാര്‍ പൊളിച്ചുവില്‍ക്കാന്‍ ഡോക്ടര്‍ ശ്രമിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.