മോദിയെ വിമര്‍ശിച്ചു: മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ഡല്‍ഹി: മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ കെട്ടിടത്തില്‍ ഉള്‍പ്പടെ 30 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന.
പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിര്‍ദേശമെന്ന് 'ദ വയറി'ന് വേണ്ടി കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തില്‍ മലിക് വെളിപ്പെടുത്തിയിരുന്നു.സുരക്ഷ പാളിച്ചയെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേശകന്‍ അജിത് ഡോവലും ഉപദേശിച്ചതായും മുന്‍ ബി.ജെ.പി നേതാവായ മലക് പറഞ്ഞു. 'സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാന്‍ സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണില്‍ പറഞ്ഞു.
ഇക്കാര്യം ഇപ്പോള്‍ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിര്‍ദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവന്‍ പാകിസ്താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ നിശ്ശബ്ദത പാലിച്ചു -സത്യപാല്‍ മലിക് വെളിപ്പെടുത്തി. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തില്‍ കൊണ്ടുപോകുന്നതിന് പകരം സി.ആര്‍.പി.എഫ് അധികൃതര്‍ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറയുന്നു.
അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും മലിക് അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയവും സി.ആര്‍.പി.എഫും പുല്‍വാമ സംഭവത്തില്‍ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും മലിക് ആരോപിച്ചു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തില്‍ ഇടിച്ചുകയറ്റാനായി പാകിസ്താനില്‍നിന്നെത്തിയ കാര്‍ 300 കിലോ ആര്‍.ഡി.എക്‌സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരില്‍ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമായി മുന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.