ലോക്‌സഭ സ്പീക്കര്‍ ആരാണെന്ന് ഇന്നറിയാം
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ആരാണെന്ന് ഇന്നറിയാം. സഭയിലെ സംഖ്യകളുടെ കളിയില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണിക്കാന്‍ പ്രതിപക്ഷത്തിന് ലഭിക്കുന്ന അവസരമാകും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഒപ്പം, ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത ഭരണപക്ഷത്തിന്റെ നിലപാടുകളില്‍ തങ്ങള്‍ നിശ്ശബ്ദരായിരിക്കില്ല എന്ന സന്ദേശവും നല്‍കാനാവും. 1998ന് ശേഷം ആദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുമെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതോടെയാണ് സ്പീക്കര്‍ പദവിയില്‍ സമവായ നീക്കം പൊളിഞ്ഞതും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നതും. എന്‍.ഡി.എയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി എം.പി ഓം ബിര്‍ളക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്‍ഡ്യ സഖ്യം മത്സരിപ്പിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുകയെന്ന കീഴ്‌വഴക്കം അംഗീകരിക്കാന്‍ തയാറായാല്‍ സ്പീക്കറുടെ കാര്യത്തില്‍ സമവായമാകാമെന്ന നിലപാടാണ് ഇന്‍ഡ്യ സഖ്യം സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം തയാറായത്.
542 അംഗ സഭയില്‍ 271 വോട്ടാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. നിലവില്‍ 293 അംഗങ്ങളുള്ള എന്‍.ഡി.എക്ക് ജയം ഉറപ്പാണെങ്കിലും ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിനെ അനുവദിക്കേണ്ടെന്ന നിലപാടിലാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സഖ്യം തീരുമാനിച്ചത്. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍.സി.പിയുടെ നാല് എം.പിമാരും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്