വായ്പ പലിശ നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.5 ശതമാനത്തില്‍ തുടരും
മുംബൈ: വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തില്‍ തുടരും.തുടര്‍ച്ചയായി ആറാം തവണയാണ് പലിശനിരക്കുകളില്‍ ആര്‍.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വര്‍ഷം 4.5 ശതമാനമായിരിക്കുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനം നിരക്കില്‍ വളരുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.2024ലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സുസ്ഥിരമായിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള ?പൊതുകടം വികസിത രാജ്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളേക്കാള്‍ പൊതുകടമുള്ളത് വികസിത രാജ്യങ്ങളിലാണ്. വായ്പകളില്‍ സുസ്ഥിരതയുണ്ടാക്കുകയെന്ന വെല്ലുവിളിയാണ് വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്ക് മറികടക്കാനുള്ളതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. കടം കുറച്ചാല്‍ മാത്രമേ പുതിയ നിക്ഷേപങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ക്ക് ശേഷിയുണ്ടാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.