സമര ചൂടില്‍ ദില്ലി: ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക്
: കര്‍ഷക സമരച്ചൂടില്‍ പഞ്ചാബും ഹരിയാനയും.ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടര്‍ മാര്‍ച്ച് പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സര്‍ക്കാര്‍ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അമ്പാലയില്‍ സംഘര്‍ഷം ആരംഭിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കര്‍ഷകരുടെ സമരത്തിന് ദില്ലി സര്‍ക്കാരിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ഹരിയാന ബിജെപി സര്‍ക്കാര്‍ സമരത്തിനെതിരാണ്. ഹരിയാന അതിര്‍ത്തികള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉള്‍പ്പെടെ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. 5 മണിക്കൂര്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പൊലീസും ജലപീരങ്കിയുമുണ്ട്.ഹരിയാനയിലെ കര്‍ഷകരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും കര്‍ഷക സംഘടന നേതാവ് സര്‍വന്‍ സിങ് പാന്തര്‍ ആരോപിച്ചു. കര്‍ഷക സമരം കണക്കിലെടുത്ത് ദില്ലിയിലെ ഉദ്യോഗ് ഭവന്‍ മെട്രോയിലെ പാര്‍ലമെന്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് പരിസരത്തെ മൂന്നു ഗേറ്റുകള്‍ അടച്ചിരിക്കുകയാണ്.
ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്ര ആവശ്യം ദില്ലി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് തള്ളി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാടിലാണ് എഎപി സര്‍ക്കാര്‍. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.